തൊടുപുഴ മുട്ടം സ്വദേശികളായ ആദര്‍ശ് (ഒറ്റപ്ലാക്കല്‍), പ്രസാദ് (ചോലമറ്റത്തില്‍), ബിനീഷ് (തൈപ്പറമ്പില്‍), ഷാഹിദ് (തേങ്ങില്‍), സ്റ്റീഫന്‍ (കാരക്കുന്നേല്‍) എന്നിവരാണ് പിടിയിലായത്.
പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രസാദിനെ ടെംപിള്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പരിസരത്ത് കാറില്‍ കറങ്ങുകയായിരുന്ന മറ്റ് നാല് പ്രതികളെയും പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 16 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക ഗൂഢാലോചന പുറത്തുവന്നത്. തൃശൂരിലെ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. സൗഹൃദബന്ധത്തില്‍ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് ആക്രമണ പദ്ധതിയുടെ പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ തൃശൂരിലെത്തിയ വിവരമറിഞ്ഞ് യുവതി ഗുരുവായൂരിലേക്ക് മാറിയിരുന്നു. ഇതറിഞ്ഞെത്തിയ സംഘം പെണ്‍വേഷം ധരിച്ച് യുവതിയെ കണ്ടെത്തി വധിക്കാനായിരുന്നു പദ്ധതിയിട്ടത്.
പിടിയിലായ പ്രസാദിനും ആദര്‍ശിനും എതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ ഇരുപതോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സുരക്ഷിതമായി കണ്ടെത്തിയ യുവതിയെ പൊലീസ് നാട്ടിലേക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സൗഹൃദ ബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍സുഹൃത്തിനെ വധിക്കാന്‍ പദ്ധതിയിട്ട് പെണ്‍വേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement