breaking news New

പത്തനംതിട്ട മല്ലപ്പള്ളിയിൽ കുടുംബ വൈരാഗ്യത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം കറുകച്ചാൽ ചൂലിപ്പുറം നെയ്യുണ്ണിൽ വീട്ടിൽ മനോജ് (43) ആണ് കീഴ്‍വായ്പൂർ പോലീസിന്റെ പിടിയിലായത്.

ഓഗസ്റ്റ് രണ്ട് ഞായറാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നതിനെ തുടർന്ന് മനോജിന്റെ ഭാര്യയും മൂന്ന് മക്കളും കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇവർ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.

സംഭവദിവസം ബൈക്കിലെത്തിയ പ്രതി ഭാര്യയെയും മക്കളെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ ആദ്യ വിവാഹത്തിലെ രണ്ടു പെൺകുട്ടികളാണ് ഈ സമയത്ത് ഒപ്പമുണ്ടായിരുന്നത്. ആക്രമണത്തിൽ മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പത്തനംതിട്ട മല്ലപ്പള്ളി കീഴ്‍വായ്പൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ കോട്ടയം കറുകച്ചാൽ ഭാഗത്തുനിന്നും ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചു. എന്നാൽ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് അന്വേഷണസംഘം കീഴടക്കിയത്.

കീഴ്വായ്പ്പൂർ പോലീസ് ഇൻസ്പെക്ടർ എസ്‌.എച്ച്.ഒ അജീബ് ഇ., എസ്.ഐമാരായ അനീഷ് ടി., ഷാൻ എൻ.എസ്., സി.പി.ഒമാരായ സന്തോഷ്, അമൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5