breaking news New

പത്തനംതിട്ട തിരുവല്ല - ചെങ്ങന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ തിരുവല്ല - ചെങ്ങന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എംസി റോഡില്‍ തിരുമൂലപുരം ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങളില്‍ പ്രളയജലം കയറിയതാണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടാന്‍ കാരണം. തിരുവല്ല, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ അടിയന്തര വിവരങ്ങള്‍ക്ക് ഡിപ്പോ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

മധ്യതിരുവിതാംകൂറിലും മലയോര മേഖലകളിലും പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ പ്രധാന നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ആറന്മുള, കോഴഞ്ചേരി, പന്തളം, ഉപ്പുകുറ്റനാട് എന്നീ മേഖലകളിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഉപറോഡുകള്‍ ഭൂരിഭാഗവും മുങ്ങിയതോടെ ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്. മലയോര മേഖലകളിലേക്ക് രാത്രികാല യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

അതേസമയം,
ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ വിവിധ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ (CWC) മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയിലെ പമ്പ (മടമണ്‍ സ്റ്റേഷന്‍), കോട്ടയത്തെ മീനച്ചില്‍ (കിടങ്ങൂർ സ്റ്റേഷന്‍) എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയത്തെ മണിമല (പുല്ലക്കയാര്‍ സ്റ്റേഷന്‍), എറണാകുളത്തെ കാളിയാര്‍ (കലംപൂര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5