ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ് വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന അഞ്ച് യുവതികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ അജ്ഞാതന്റെ അതിക്രമം നടന്നത്. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതി, ദേഹത്ത് ആരോ സ്പര്‍ശിക്കുന്നതായി തോന്നി ഞെട്ടിയുണര്‍ന്നപ്പോഴാണ് അപരിചിതനായ ഒരാള്‍ ശരീരത്തില്‍ കയറിയിരുന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കുന്നത്. യുവതി ഉച്ചത്തില്‍ നിലവിളിച്ചതോടെ അക്രമി വേഗത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം ഫ്‌ലാറ്റിന്റെ പ്രധാന വാതിലും ബാല്‍ക്കണി വാതിലും പൂട്ടാത്ത നിലയിലായിരുന്നുവെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ബാല്‍ക്കണി വാതിലിലൂടെയാണ് അക്രമി പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്.
അക്രമി ഓടി രക്ഷപ്പെട്ടതിന് പിന്നാലെ മുറി പരിശോധിച്ചപ്പോഴാണ് തറയില്‍ രക്തക്കറകളും അലമാരകള്‍ തുറന്നിട്ട നിലയിലും കണ്ടെത്തിയത്. എന്നാല്‍ മേശപ്പുറത്ത് വച്ചിരുന്ന പഴ്‌സോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ അപഹരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഇതൊരു മോഷണശ്രമമല്ലെന്നും, ലൈംഗികാതിക്രമം തന്നെയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. തറയില്‍ കണ്ടെത്തിയ രക്തക്കറകള്‍ ഫ്‌ലാറ്റിലെ താമസക്കാര്‍ തന്നെ ശേഖരിച്ച് തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന നിര്‍ണായക ഫോറന്‍സിക് തെളിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുവതിയുടെ പൂര്‍ണ്ണമായ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും കടവന്ത്ര പൊലീസ് അറിയിച്ചു. കൊച്ചി നഗരത്തില്‍ മുന്‍പും വനിതാ ഹോസ്റ്റലുകളിലും ഫ്‌ലാറ്റുകളിലും അതിക്രമിച്ചു കയറി ആക്രമണം നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കൊച്ചി എറണാകുളം സൗത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം അഞ്ച് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം
Advertisement
Advertisement
Advertisement