പെട്ടെന്ന് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്. ഓണവിപണി ലക്ഷ്യമിട്ട് കടകളിൽ എത്തിച്ച പുതിയ തുണികൾ അടക്കമുള്ള സാധനങ്ങൾ മുഴുവൻ വെള്ളത്തിലായി ഉപയോഗശൂന്യമായി മാറിയതോടെ വ്യാപാരികളും ജീവനക്കാരും കണ്ണീരണിയുകയാണ്.
റാന്നി ടൗണിൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥാപനങ്ങൾ അടക്കം നിരവധി കടകളിലാണ് വെള്ളം കയറിയത്. കട നിറയെ വെള്ളം കയറി സാധനങ്ങളും ഫ്രീസർ അടക്കമുള്ള സാമഗ്രികളും നശിച്ചു. കഴിഞ്ഞ ദിവസം രാവിലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം കാരണം സാധനങ്ങൾ മാറ്റിസ്ഥാപിക്കാൻ പോലും വ്യാപാരികൾക്ക് കഴിഞ്ഞിരുന്നില്ല. 2018 ലെ പ്രളയത്തിലേറ്റ തിരിച്ചടിയിൽ നിന്ന് പച്ചപിടിച്ചു വരുന്നതിനിടെയാണ് വീണ്ടും വലിയൊരു ദുരന്തം ഇവരെ തേടിയെത്തിയത്. ഉപജീവന മാർഗം തന്നെ അടഞ്ഞുപോയ അവസ്ഥയിലാണ് പല കുടുംബങ്ങളും.
വെള്ളം ഇറങ്ങിയതോടെ പ്രദേശത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് പുതിയ പ്രതിസന്ധിയായി മാറി. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ആവശ്യമായ ശുചീകരണ സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് ആരോപിച്ചും കാര്യക്ഷമമായ ക്ലീനിംഗ് നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും വ്യാപാരികൾ രംഗത്തെത്തി. എന്നാൽ പ്രദേശം ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സി പി ഐ എം, ഡി വൈ എഫ് ഐ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.
പ്രദേശവാസികളുടെ വീടുകളിലും കിണറുകളിലും അഴുക്കുവെള്ളം നിറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ശുചീകരണ ജോലികൾ കാര്യക്ഷമമല്ലെന്ന ആരോപണവുമായി സി പി ഐ എം രംഗത്തുവന്നു. അതേസമയം വേസ്റ്റ് നീക്കം ചെയ്യലും കിണറുകൾ ശുചീകരിക്കലുമാണ് നിലവിലെ അടിയന്തര ആവശ്യമെന്നും വ്യാപാരികളെ സഹായിക്കുമെന്ന് ഉറപ്പുനൽകിയതായും റാന്നി എം എൽ എ പഴകുളം മധു പ്രതികരിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക സഹായവും അടിയന്തര കൈത്താങ്ങും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാത്ത വ്യാപാരികളുടെ ആവശ്യം.
പത്തനംതിട്ടയിലെ റാന്നിയിലുണ്ടായ ശക്തമായ മഴയിലും പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിലും വ്യാപക നാശനഷ്ടം : തലയിൽ കൈവെച്ച് വിതുമ്പി വ്യാപാരികൾ !!
Advertisement
Advertisement
Advertisement