breaking news New

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടും കുറ്റവാളി ചെന്താമരയ്ക്ക് തൂക്കുകയര്‍

പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് നാടിനെ നടുക്കിയ ഈ ക്രൂരതയ്ക്ക് അര്‍ഹിച്ച പരമാവധി ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കുറ്റകൃത്യമെന്ന് നിരീക്ഷിച്ച കോടതി, പ്രതിക്ക് യാതൊരുവിധ ഇളവുകള്‍ക്കും അര്‍ഹതയില്ലെന്ന് വ്യക്തമാക്കി. കോടതിമുറിയില്‍ ജഡ്ജിയെപ്പോലും വെല്ലുവിളിച്ച് അഹങ്കാരം കാട്ടിയ പ്രതിക്ക് നിയമം നല്‍കിയ കടുത്ത പ്രഹരമായി മാറി ഈ വിധിപ്രസ്താവം.

കേസില്‍ ഇരട്ടക്കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയപ്പോഴും യാതൊരുവിധ കുലുക്കവുമില്ലാതെയാണ് പ്രതി ചെന്താമര നിലകൊണ്ടത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കോടതിമുറിയെത്തന്നെ അമ്പരപ്പിച്ച പ്രതികരണം ഉണ്ടായത്. 'ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റൊരു ചെകിട് കൂടി കാട്ടിക്കൊടുക്കാന്‍ ഞാന്‍ ഗാന്ധിജിയല്ല, എന്നെ വേണമെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ' എന്നായിരുന്നു പ്രതിയുടെ മറുപടി. ഇത് കേട്ടു നിന്ന ഉദ്യോഗസ്ഥരെയും നിയമവൃത്തങ്ങളെയും ആ പ്രതികരണം ഒരുപോലെ ഞെട്ടിച്ചു.

വിചാരണ നേരിടുമ്പോഴും ഏതൊരു സാധാരണ മനുഷ്യനിലും ഉണ്ടാകേണ്ടുന്ന ചെറിയൊരു ഭയമോ കുറ്റബോധമോ ഇയാളുടെ മുഖത്ത് തെല്ലും പ്രകടമായിരുന്നില്ല. താന്‍ കടന്നുപോയ അവസ്ഥ ജഡ്ജിക്ക് വന്നാല്‍ കാര്യം മനസ്സിലാകുമെന്നും, എഴുതാനുള്ളത് എഴുതിക്കൊള്ളൂ എന്നും ജഡ്ജിയോട് പറഞ്ഞ് പ്രതി തന്റെ അഹങ്കാരം തുടര്‍ന്നു. ജയിലില്‍ കിടക്കുകയാണെങ്കില്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് കൊടുക്കാമെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മാത്രമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ ഏക വസ്തുതയെന്നും ബാക്കിയെല്ലാം കളവാണെന്നും കോടതി നിരീക്ഷിച്ചു. 20 ലക്ഷം രൂപ സുധാകരന്റെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇത് ചെന്താമരയ്ക്ക് കഴിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ നല്‍കണമെന്നും വിധിയിലുണ്ട്.

പ്രതിക്ക് സ്വന്തം തെറ്റില്‍ യാതൊരുവിധ കുറ്റബോധവുമില്ലെന്ന് കോടതി കൃത്യമായി വിലയിരുത്തി. താന്‍ പുറത്തിറങ്ങിയാല്‍ സുധാകരന്റെ മക്കളെയും കുടുംബത്തെയും ഇനിയും വധിക്കുമെന്ന ഒളിഞ്ഞിരിക്കുന്ന ഭീഷണിയാണ് കോടതിയില്‍ പ്രതി ഉയര്‍ത്തിയത്. ഒരു പ്രതികാര ദാഹം പോലെ ഇനിയും ആളുകളെ കൊല്ലുമെന്ന ഭാവത്തോടെയാണ് ഇയാള്‍ സംസാരിച്ചത്. ഈ സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിന് വലിയ വിപത്താണെന്നും സുധാകരന്റെ മക്കളുടെ ജീവന് കടുത്ത ഭീഷണിയാണെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു.

വിപുലമായ കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. നൂറ്റി മുപ്പത്തിരണ്ട് സാക്ഷികളെയും മുപ്പതിലധികം നിര്‍ണ്ണായക രേഖകളും പ്രൊസിക്യൂഷന്‍ ഹാജരാക്കി. വിചാരണവേളയില്‍ പ്രധാന സാക്ഷികളിലൊരാള്‍ കൂറുമാറിയെങ്കിലും, പ്രതി കൊലപാതകത്തിനായി വാള്‍ വാങ്ങിയ കടയുടമയുടെ മൊഴിയും രഹസ്യമൊഴികളും കേസില്‍ നിര്‍ണ്ണായക തെളിവുകളായി മാറി. ശാസ്ത്രീയ തെളിവുകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കൃത്യമായി കോർത്തിണക്കാൻ കഴിഞ്ഞതാണ് കേസില്‍ കുറ്റം തെളിയിക്കാന്‍ സഹായകരമായത്.

കോടതിയിലേക്ക് ആനയിക്കപ്പെടുമ്പോഴും വിചാരണ നടപടികള്‍ നേരിടുമ്പോഴും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ഭാവത്തോടെയാണ് ഇയാള്‍ നിന്നിരുന്നത്. കേസ് വിളിക്കുന്നതിന് മുന്‍പ് തന്നെ അകമ്പടി സേവിച്ച പോലീസുകാരോട് സംസാരിച്ചിരുന്നത് ആര്‍ക്കും തന്നെ ഒരു ചുക്കും ചെയ്യാനില്ലെന്ന സന്ദേശം നല്‍കും വിധമായിരുന്നു. വിധി കാത്തിരിക്കുമ്പോള്‍ പോലും അഹങ്കാരം കൈവിടാത്ത ഇയാള്‍ ഒരു അപൂര്‍വ്വ ക്രിമിനലാണെന്ന് തെളിയിക്കുന്നതായിരുന്നു കോടതി വരാന്തയിലെ ഇയാളുടെ പെരുമാറ്റം.

പോത്തുണ്ടി തിരുത്തംപാടം ബോയന്‍കോളനിയില്‍ സുധാകരന്‍, അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചുകാരിയായ അമ്മ ലക്ഷ്മി എന്നിവരെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം പൂര്‍ണ്ണമായും തെളിഞ്ഞത്. 2025 ജനുവരി 27-നായിരുന്നു കേരളത്തെ വിറപ്പിച്ച ഈ സംഭവം നടന്നത്. സംഭവം നടന്ന ദിവസം വീട്ടില്‍ നില്‍ക്കുകയായിരുന്ന സുധാകരനെ ക്രൂരമായി വെട്ടിവീഴ്ത്തുകയും, നിലവിളി കേട്ട് മകനെ രക്ഷിക്കാന്‍ ഓടിയെത്തിയ വയോധികയായ അമ്മ ലക്ഷ്മിയെയും യാതൊരു ദാക്ഷിണ്യമില്ലാതെ വെട്ടിക്കൊല്ലുകയുമായിരുന്നു.

ഒന്നര വര്‍ഷത്തോളം നീണ്ട കേസിന്റെ നാള്‍വഴികളില്‍ അതിദാരുണമായ വസ്തുതകളാണ് പുറത്തുവന്നത്. 2019-ല്‍ അയല്‍വാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. തന്റെ കുടുംബം തകരാനും ഭാര്യ പിണങ്ങിപ്പോകാനും കാരണം സജിതയാണെന്ന വൈരാഗ്യത്തിലായിരുന്നു ആ കൊലപാതകം. തുടര്‍ന്ന് ഈ കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതി 2022-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അടുത്ത ചോരക്കളിക്ക് കോപ്പുകൂട്ടിയത്. സജിതയോടുണ്ടായിരുന്ന അതേ അടങ്ങാത്ത പക സജിതയുടെ ഭര്‍ത്താവ് സുധാകരനോടും കുടുംബത്തോടും ഇയാള്‍ വെച്ചുപുലര്‍ത്തി.

സംഭവത്തിന് ശേഷം പോത്തുണ്ടി മാട്ടായി വനമേഖലയിലേക്ക് കടന്നുകളഞ്ഞ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ വലിയ തിരച്ചിലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിനിടയിലാണ് ചെന്താമര ഒരു അസാധാരണ ക്രിമിനലായി അഥവാ സൈക്കോ കൊലയാളിയായി മാറിയത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. അന്ധമായ സംശയ രോഗവും വൈരാഗ്യവും ഇയാളുടെ മനസ്സിനെ പൂര്‍ണ്ണമായും കീഴടക്കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് നെന്മാറയിലെത്തിയ ഇയാള്‍ എലവഞ്ചേരിയിലെ കടയില്‍ നിന്ന് നേരത്തെ തന്നെ കൊടുവാള്‍ വാങ്ങി സൂക്ഷിച്ചാണ് കൊലപാതകം നടത്തിയത്.

സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയതുകൊണ്ട് മാത്രം ഇയാളുടെ പ്രതികാരപ്പട്ടിക അവസാനിച്ചിരുന്നില്ല. സ്വന്തം ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവായ പൊലീസുകാരന്‍, ഭാര്യാസഹോദരന്‍, നാട്ടുകാരായ മറ്റ് മൂന്ന് സ്ത്രീകള്‍ എന്നിവരെക്കൂടി വെട്ടിക്കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തന്റെ ജീവിതത്തിലുണ്ടായ എല്ലാ തിരിച്ചടികള്‍ക്കും കാരണം ഈ വ്യക്തികളാണെന്ന മിഥ്യാധാരണയാണ് ഇയാളെ ഈ ക്രൂരതയിലേക്ക് നയിച്ചത്. കോടതി മുറിയില്‍ ഇയാള്‍ കാട്ടിയ അഹങ്കാരത്തിനും ക്രൂരതയ്ക്കും ഒടുവില്‍ തൂക്കുകയര്‍ തന്നെ ശിക്ഷയായി നല്‍കിയ കോടതിവിധി നാട്ടില്‍ നീതിബോധം വളർത്താൻ ഉതകുന്ന മാതൃകയായി മാറി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5