breaking news New

വീടും സ്ഥലവും കൈക്കലാക്കിയ ശേഷം വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചെന്ന വയോധികന്റെ പരാതിയില്‍ നടപടി എടുക്കാതെ പത്തനംതിട്ട അടൂർ പോലീസിന്റെ ഒത്തുകളി

പള്ളിക്കല്‍ പയ്യനല്ലൂര്‍ കാഞ്ഞിരംവിളയില്‍ ദാമോദരനാണ് ബന്ധുവായ യുവാവിന്റെ ഭാര്യയ്ക്ക് എതിരേ അടൂര്‍ എസ്എച്ച്ഓയ്ക്ക് മൂന്നു മാസം മുന്‍പ് പരാതി നല്‍കിയത്. എന്നാല്‍, ഇത് സിവില്‍ കേസാണെന്നും കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചതെന്നും ദാമോദരന്‍ പറയുന്നു. വ്യാജചെക്ക് നല്‍കി കബളിപ്പിക്കുകയും വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസിന്റെ വിചിത്ര വിശദീകരണം.

2023 ഏപ്രില്‍ 18 നാണ് ദാമോദരന്‍ തന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ആറു സെന്റ് സ്ഥലവും വീടും 11 ലക്ഷം രൂപ വില പറഞ്ഞ് ബന്ധുവായ യുവാവിനും ഭാര്യയ്ക്കുമായി വിറ്റത്.

മൂന്ന് ലക്ഷം രൂപ അപ്പോള്‍ നല്‍കി. ബാക്കി തുക പിന്നീട് നല്‍കാമെന്ന വ്യവസ്ഥയില്‍ കരാറും എഴുതി. എന്നാല്‍ ഇവര്‍ പണം നല്‍കാന്‍ വൈകിയതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോള്‍ മൂന്നുലക്ഷം രൂപ കൂടി ലോണ്‍ എടുത്തു തരാമെന്നും ശേഷിക്കുന്ന അഞ്ചു ലക്ഷം രൂപ പിന്നീട് തരികയോ പകരം വസ്തു വാങ്ങിതരുകയോ അതിനു പറ്റിയില്ലെങ്കില്‍ ഈ വസ്തു തിരികെ എഴുതി തരുകയോ ചെയ്യാമെന്ന് പറഞ്ഞതായി ദാമോദരന്റെ പരാതിയിലുണ്ട്.

ഇതിന്റെ ഉറപ്പിലേയ്ക്കായി 2023 ഒക്‌ടോബര്‍ 25 ന് ദമ്പതികളുമായി കരാര്‍ ഉണ്ടാക്കി. അപ്പോള്‍ ഒരു ലക്ഷം രൂപ കൂടി കൊടുത്തു. പിന്നീട് ബാക്കി പണം ചോദിച്ചപ്പോഴെല്ലാം ഇവര്‍ ഒഴിവു കഴിവുകള്‍ പറയുകയും ഉറപ്പിലേയ്ക്കായി യുവതിയുടെ പേരിലുള്ള ഒരു ചെക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ബന്ധുവായ യുവാവിനോട് പണം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ കാമുകനൊപ്പം പോയെന്നും വസ്തു ആരുമറിയാതെ അയാളുടെ പേരിലേക്ക് വിലയാധാരം നല്‍കിയെന്നും പറഞ്ഞു.

തുടര്‍ന്ന് യുവതിയെ തേടി കണ്ടു പിടിച്ച ദാമോദരന്‍ പണം തരണമെന്ന് ആവശ്യപ്പെട്ടു. അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമെന്നും ഏപ്രില്‍ 15 കഴിയുമ്പോള്‍ ചെക്ക് മാറാന്‍ ബാങ്കില്‍ കൊടുത്തുകൊള്ളാനും പറഞ്ഞു. അങ്ങനെ ചെക്ക് ബാങ്കില്‍ കൊടുത്തപ്പോള്‍ ആ അക്കൗണ്ട് പോലും ഒരു വര്‍ഷം മുമ്പ് ക്യാന്‍സല്‍ ചെയ്തതായിട്ടാണ് അറിഞ്ഞത്. താന്‍ വഴിയാധാരമായെന്നും പുറംപോക്കിലാണ് കഴയുന്നതെന്നും പരാതിയിലുണ്ട്. വിശ്വാസ വഞ്ചനയ്ക്ക് ഇരയായപ്പോഴാണ് വയോധികന്‍ പോലീസിനെ സമീപിച്ചത്. എന്നാല്‍, അവിടെ നിന്നും നീതി ലഭിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവ് ഇടപെട്ടാണ് പരാതിയില്‍ തുടര്‍ നടപടി തടഞ്ഞിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5