കോട്ടയം :
ളാക്കാട്ടൂര്‍ ചിറപ്പുറത്ത് തോമസിന്റെ (ജോബി - 50) ഭാര്യ ജോസ്‌ന (40), ഇവരുടെ മൂത്തമകളും മറ്റക്കര എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ മരിയ തോമസ് തെരേസ (17) എന്നിവരാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങിയ മകളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ, അമ്മ ജോസ്‌നയും ജീവന്‍ വെടിയുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം പുറംലോകമറിയുന്നത്.
കടുത്ത സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂരോപ്പട സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായി ജോലി നോക്കുകയായിരുന്നു മരിച്ച ജോസ്‌ന.
സംഭവദിവസം ഉച്ചമുതല്‍ ജോസ്‌നയുടെ കോതനല്ലൂര്‍ സ്വദേശിയായ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തിരുന്നില്ല. ഇതില്‍ സംശയം തോന്നി വൈകിട്ടോടെ ഇയാള്‍ മറ്റപ്പള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പിന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് നാലുപേരെയും വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തോമസിനെയും ജോസ്‌നയെയും മകളെയും കോട്ടയം മെഡിക്കല്‍ കോളേജിലും, ഇളയ മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ജോസ്‌നയും മക്കളും ജ്യൂസില്‍ കളനാശിനി കലര്‍ത്തിയും, ഭര്‍ത്താവ് തോമസ് മദ്യത്തില്‍ കീടനാശിനി ചേര്‍ത്തുമാണ് കഴിച്ചതെന്ന് പിന്നീട് വ്യക്തമായി. സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ഇവര്‍ക്ക് ജീവന്‍രക്ഷാ സഹായം നല്‍കിയെങ്കിലും അമ്മയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല.
നിലവില്‍ അതീവ ഗുരുതരാവസ്ഥയിലായ തോമസ് എബ്രാഹാമും (ജോബി) ഇളയമകന്‍ അലന്‍ തോമസും (12) മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലന്റെ ജീവന്‍ നിലനിര്‍ത്താനായി കഴിഞ്ഞ 96 മണിക്കൂറിലധികമായി തുടര്‍ച്ചയായി ഡയാലിസിസ് ഉള്‍പ്പെടെയുള്ള തീവ്രപരിചരണങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കിവരുന്നത്. ഇരുവരുടെയും ആരോഗ്യനിലയില്‍ നിലവില്‍ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മകള്‍ മരിയയുടെ മൃതദേഹം കാരിത്താസിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും, അമ്മ ജോസ്‌നയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കുന്ന ജോസ്‌നയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ ബന്ധുക്കളുടെ തീരുമാനപ്രകാരം പിന്നീട് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്. ദാരുണമായ ഈ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം ളാക്കാട്ടൂരില്‍ കടബാധ്യതയെത്തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നടുക്കുന്ന സംഭവത്തില്‍ അമ്മയും മകളും മരണത്തിന് കീഴടങ്ങി
Advertisement
Advertisement
Advertisement