breaking news New

നടൻ മോഹൻലാൽ തന്റെ കൈവശം ആറ് ആനക്കൊമ്പുകൾ കൂടി ഉണ്ടെന്ന് വനം വകുപ്പിനെ അറിയിച്ചു : ഇതോടെ അദ്ദേഹത്തിന്റെ പക്കലുള്ള ആനക്കൊമ്പുകളുടെ എണ്ണം 10 ആയി !!

46 കിലോഗ്രാം തൂക്കം വരുന്ന 13 ദന്തശിൽപങ്ങളും തന്റെ പക്കലുണ്ടെന്ന് മലയാറ്റൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് നൽകിയ അപേക്ഷയിൽ അദ്ദേഹം വ്യക്തമാക്കി.

അനധികൃതമായി നാല് ആനക്കൊമ്പുകൾ കൈവശം വച്ചെന്ന കേസ് നേരിടുന്നതിനിടെയാണ് മോഹൻലാൽ പുതിയ കണക്കുകൾ നൽകിയത്. ശ്രീകൃഷ്ണൻ, ശ്രീരാമൻ, തിരുപ്പതി ബാലാജി, ദശാവതാരം തുടങ്ങിയ രൂപങ്ങളുടെ ശിൽപങ്ങളാണ് തന്റെ പക്കലുള്ളതെന്ന് അദ്ദേഹം വനം വകുപ്പിനെ അറിയിച്ചതായി മലയാറ്റൂർ ഡിഎഫ്ഒ പി കാർത്തിക് പറഞ്ഞു.

മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾ സംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വന്യജീവികളുടെ ശരീരഭാഗങ്ങളും അലങ്കാരവസ്തുക്കളും ഉൾപ്പെടുന്ന വൈൽഡ് ലൈഫ് ട്രോഫികൾ സ്വയം വെളിപ്പെടുത്താൻ വനം വകുപ്പ് പൊതുജനങ്ങൾക്ക് വീണ്ടും അവസരം നൽകിയത്. ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പരമ്പരാഗതമായി ലഭിച്ച വന്യജീവി ട്രോഫികളുടെ പുതിയ കണക്കുകൾ അദ്ദേഹം സമർപ്പിച്ചത്.

കണക്കുകൾ സമർപ്പിച്ചുവെങ്കിലും ഈ വസ്തുക്കൾ മോഹൻലാലിന്റെ കൈവശം എങ്ങനെയെത്തിയെന്നുള്ളതായിരിക്കും തുടരന്വേഷണമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. മോഹൻലാലിന് സമ്മാനമായി ലഭിച്ചതായിരിക്കണം ഇവയെന്നാണ് വിലിയിരുത്തൽ. അങ്ങനെയെങ്കിൽ അത് നൽകിയവരെ കണ്ടെത്തി ചോദ്യം ചെയ്തേക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5