breaking news New

ആറന്മുള വിമാനത്താവളം : അതീവരഹസ്യമായി നടത്തിയ ഡ്രോണ്‍ സര്‍വേ വിവാദമായ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ നിന്നു തലയൂരാന്‍ മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണില്‍

വിമാനത്താവളം നടപ്പാകുന്നില്ലെങ്കില്‍ ആറന്മുള പുഞ്ചയിലെ സ്വന്തം ഭൂമിയില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുമെന്നാണ് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഏബ്രഹാമിന്റെ പുതിയ നിലപാട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 10 വര്‍ഷം മുമ്പ് ഉപേക്ഷിച്ച പദ്ധതി വീണ്ടും പൊടിതട്ടി എടുത്തപ്പോഴേക്കും വിവാദം വാനോളം ഉയരുമെന്നു കലമണ്ണില്‍ കണക്കുകൂട്ടിയിരുന്നില്ല. പദ്ധതി നടപ്പാവില്ലെന്നു ബോധ്യമായ സാഹചര്യത്തിലാണ് എയര്‍സ്ടിപ്പ് പ്രഖ്യാപനം. എന്നാല്‍ ‘സ്വന്തം സ്ഥലം’ എന്ന് കലമണ്ണില്‍ വിശേഷിപ്പിക്കുന്ന ഭൂമി 2017-ല്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെന്നതിനാല്‍ എയര്‍സ്ട്രിപ്പും നടപ്പാകില്ല.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2004-ല്‍ കലമണ്ണില്‍ അനധികൃതമായി നികത്തിയെടുത്ത വയലാണിത്. ആറന്മുള പുഞ്ചയുടെ മധ്യ ഭാഗത്തെ കരിമാരം കുന്ന് ഇടിച്ചാണ് 41 ഏക്കര്‍ വയലും വലിയ തോട്, കരിമാരം തോട് എന്നീ പുറമ്പോക്കും നികത്തിയെടുത്തത്. തുടര്‍ന്ന് ഇവിടെ ഗ്ലൈഡര്‍ ഇറക്കി പരീക്ഷണവും നടത്തി.

വിമാനത്താവള വിരുദ്ധ പ്രക്ഷോഭത്തിന് ശക്തി പകരാന്‍ 2011ല്‍ 500-ല്‍ പരം ഭൂരഹിതരായ കുടുംബങ്ങളാണ് അവിടെ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലം എന്നെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ ഇവിടെത്തന്നെ കഴിയുകയാണ്. ഇവരെ കുടിയിറക്കി എയര്‍ സ്ട്രിപ്പ് തുടങ്ങുമെന്നാണ് കലമണ്ണില്‍ പറയുന്നത്.

തന്റെ മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജില്‍ എയ്‌റോനോട്ടിക് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി എയര്‍ സ്ട്രിപ്പ് തുടങ്ങാനെന്ന പേരിലാണ് 20 വര്‍ഷം മുമ്പ് നിസാര വിലയ്‌ക്ക് 232 ഏക്കര്‍ വയല്‍ കലമണ്ണില്‍ വാങ്ങിയത്. എന്നാല്‍ ഈ കോളജിന് ഇതുവരെ എയ്‌റോനോട്ടിക്‌സ് എന്‍ജിനീയറിങ് കോഴ്സിന് അനുമതി ലഭിച്ചിട്ടില്ല. മുമ്പ് പയറ്റിപ്പരാജയപ്പെട്ട അതേ തന്ത്രമാണ് ഇപ്പോഴും പ്രയോഗിക്കുന്നത്. എതിര്‍പ്പില്ലാതെ എയര്‍സ്ട്രിപ്പ് തുടങ്ങി ഭാവിയില്‍ അത് വിമാനത്താവളമാക്കുകയാണ് കുതന്ത്രം.

വിമാനത്താവളത്തിനു വേണ്ട എല്ലാ നടപടികളും എയര്‍സ്ട്രിപ്പിനും വേണം. കേന്ദ്രത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതിയും നിര്‍ബന്ധം. സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സൈറ്റ് ക്ലിയറന്‍സ്, വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി, പരിസ്ഥിതി അനുമതി എന്നിവയും ആവശ്യമുണ്ട്.

സ്വകാര്യ എയര്‍സ്ട്രിപ്പുകള്‍ക്ക് ചില ഇളവുകള്‍ ഉണ്ടെങ്കിലും, വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിങ്ങിനും ടേക്ക്- ഓഫിനും ഔദ്യോഗിക അനുമതി അനിവാര്യം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5