breaking news New

കോട്ടയം ചങ്ങനാശ്ശേരി കെഎസ്ആർടിസി ടെർമിനലിന്റെ നിർമ്മാണം ബിൽ കുടിശ്ശികയെ തുടർന്ന് നിലച്ചു

കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയുടെ ബില്ലുകൾ സർക്കാർ പാസാക്കാത്തതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയത്. ഈ വർഷം ഡിസംബറിൽ ഉദ്ഘാടനം നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്ന പദ്ധതി ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അപകടാവസ്ഥയിലായിരുന്ന പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കിയ ശേഷമാണ് പുതിയ ടെർമിനൽ നിർമിക്കാൻ തീരുമാനിച്ചത്. 7.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ കരാർ 6.23 കോടി രൂപയ്ക്ക് ഊരാളുങ്കൽ സൊസൈറ്റിക്കാണ് ലഭിച്ചത്. 2025 ഏപ്രിലിൽ ആരംഭിച്ച നിർമാണത്തിൽ രണ്ട് നിലകളുടെ കോൺക്രീറ്റ് ഘടന പൂർത്തിയാക്കിയിരുന്നു.

ആദ്യഘട്ട നിർമാണച്ചെലവായ 2.5 കോടി രൂപയുടെ ബിൽ കഴിഞ്ഞ നവംബറിൽ സമർപ്പിച്ചെങ്കിലും എട്ട് മാസമായിട്ടും സർക്കാർ പാസാക്കിയിട്ടില്ലെന്നാണ് കരാറുകാരുടെ പരാതി. കുടിശ്ശിക ലഭിച്ചാൽ മാത്രമേ അടുത്തഘട്ട നിർമാണം ആരംഭിക്കാനാകൂവെന്ന് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.

നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യം ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. ടെർമിനലിന്റെ സൗന്ദര്യവത്കരണത്തിനായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട സ്റ്റീൽ ഘടകങ്ങൾക്കായി 14 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ട്. എന്നാൽ ശേഷിക്കുന്ന 35 ലക്ഷം രൂപ ലഭിക്കാതെ ഇറക്കുമതി നടപടികൾ പൂർത്തിയാക്കാനാകില്ലെന്നാണ് വിശദീകരണം.

ടെർമിനൽ നിർമാണം മുടങ്ങിയതോടെ നിലവിൽ ബസുകൾ റോഡരികിൽ നിർത്തിയാണ് സർവീസ് നടത്തുന്നത്. ഇത് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5