breaking news New

പത്തനംതിട്ട ജില്ലയിൽ ലഹരിക്കെതിരെ പോലീസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെ വെച്ചൂച്ചിറയിൽ കഞ്ചാവ് ചെടി കണ്ടെത്തി !!

വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ചേത്തക്കൽ കുന്നം അച്ചടിപ്പാറയിലാണ് ഒരു റബ്ബർ തോട്ടത്തിന്റെ വശത്തായി നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. പരിശോധനയിൽ ഏതാണ്ട് 67 സെന്റീമീറ്റർ നീളമുള്ള ചെടിയാണ് പോലീസ് വേരോടെ പിഴുതെടുത്തത്.

റാന്നി വലിയകാവ് സ്വദേശിയായ ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ തോട്ടം. തോട്ടത്തിന്റെ ഒരു വശത്ത് കാടുപിടിച്ചു കിടക്കുന്ന ഭാഗത്താണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഒറ്റനോട്ടത്തിൽ സാധാരണ കാട്ടുചെടിയാണെന്ന് തോന്നുമെങ്കിലും രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വെച്ചൂച്ചിറ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ശ്രീകുമാർ, സി.പി.ഒമാരായ പി.കെ ലാൽ, സോജു, രാഗ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കണ്ടെടുത്ത കഞ്ചാവ് ചെടി കേസിൽ പ്രധാന തെളിവായി കോടതിയിൽ ഹാജരാക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരി മാഫിയകൾക്കെതിരെ ജില്ലയിലുടനീളം വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5