breaking news New

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്

പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് ചികിത്സയ്ക്കിടെ മരിച്ചത്. പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടി, പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കളിക്കുന്നതിനിടെ ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് സ്റ്റിച്ച് ഇടാനാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞാണ് ദേവാൻഷ് എന്ന് മാതാപിതാക്കൾ പറയുന്നു. മുറിവ് ഇതിനകം ഉണങ്ങിയ നിലയിലായിരുന്നെന്നും, ഈ സാഹചര്യത്തിൽ അനസ്തേഷ്യ നൽകേണ്ട അടിയന്തര ആവശ്യം എന്തായിരുന്നെന്ന് ബന്ധുക്കൾ ചോദിക്കുന്നു.

പ്ലാസ്റ്റിക് സർജറി വേണമെന്ന് ആശുപത്രി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഇതിനായി 18,000 രൂപ ഫീസ് നൽകിയാൽ മാത്രമേ വരൂവെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. അനസ്തേഷ്യ നൽകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് രക്ഷിതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദാരുണമായ സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5