breaking news New

ശബരിമല സന്നിധാനത്തിന്റെ ശുചിത്വത്തിനും ഭക്തജന സേവനത്തിനും പുത്തന്‍ അധ്യായം കുറിച്ച ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി എ.ഡി.ജി.പി. പി. വിജയന്‍ വീണ്ടും ശബരിമല ചീഫ് പൊലീസ് കോ ഓഡിനേറ്ററായി ചുമതലയേല്‍ക്കുന്നു

എസ്. ശ്രീജിത്ത് ഐ.പി.എസിന് പകരമാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ പി. വിജയന് സംസ്ഥാന സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിരിക്കുന്നത്. എസ്. ശ്രീജിത്തിനെ ജയില്‍ മേധാവിയായി നിയമിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ണ്ണായക ഉത്തരവ്.

വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ണ്ണമായും കുറ്റമറ്റതും ഭക്തജനസൗഹൃദവുമാക്കാന്‍ ലക്ഷ്യമിട്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പോലീസ് ആസൂത്രണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ അതിവേഗ നിയമനം. 2024 ഒക്ടോബറില്‍ എം.ആര്‍. അജിത്കുമാറിന് പകരമെത്തി രണ്ടു വര്‍ഷത്തോളം സന്നിധാനത്തിന്റെ ഏകോപനം നിര്‍വ്വഹിച്ച എസ്. ശ്രീജിത്ത് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഐ.ജി റാങ്കിലിരിക്കെ തന്നെ സന്നിധാനത്ത് വിപ്ലവം സൃഷ്ടിച്ച പി. വിജയന്‍ തിരിച്ചെത്തുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്നതിലുപരി മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ഉദ്യോഗസ്ഥനാണ് പി. വിജയന്‍. 2011-ല്‍ ശബരിമലയില്‍ സ്‌പെഷ്യല്‍ ഓഫീസറായിരിക്കെ അദ്ദേഹം തുടക്കം കുറിച്ച ‘പുണ്യം പൂങ്കാവനം’ എന്ന സന്നദ്ധ ശുചീകരണ പദ്ധതി ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. തീര്‍ത്ഥാടകരെയും പോലീസുകാരെയും ഇതര സന്നദ്ധ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് സന്നിധാനവും പമ്പയും പവിത്രമായി സൂക്ഷിക്കാന്‍ വിജയന്‍ രൂപം നല്‍കിയ ഈ മാതൃകാ പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പ്രശംസിച്ചിരുന്നു.

എന്നാല്‍, മുന്‍പ് ചില രാഷ്‌ട്രീയ-ഔദ്യോഗിക താല്‍പ്പര്യങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ ഈ പദ്ധതിയില്‍ നിന്നും ശബരിമല ആസൂത്രണ ചുമതലകളില്‍ നിന്നും അകറ്റിനിര്‍ത്താനും പുകച്ചു പുറത്താക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നതായി വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നത്തെ ആ നീക്കങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും മറുപടിയെന്നോണം, തികച്ചും അര്‍ഹിച്ച പദവിയിലേക്ക് കൂടുതല്‍ കരുത്തോടെ എ.ഡി.ജി.പി റാങ്കില്‍ പി. വിജയന്‍ തിരിച്ചെത്തുമ്പോള്‍, അന്ന് ഇദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കിയവര്‍ക്ക് കിട്ടിയ കനത്ത തിരിച്ചടിയായാണ് സഭയിലെയും പൊതുസമൂഹത്തിലെയും വിലയിരുത്തല്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5