കൊല്ലം :
അഞ്ച് പവൻ സ്വർണാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. മുതുപിലാക്കാട് പടിഞ്ഞാറ് 'കലാസദനത്തിൽ' തങ്കമണിയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.
തങ്കമണിയമ്മയും ഇവരുടെ സഹായിയായ സ്ത്രീയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. തങ്കമണിയമ്മ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സമയമത്രയും സഹായിയായ സ്ത്രീ ദിവസവും വീട്ടിലെത്തി ഭക്ഷണം പാകം ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. എന്നാൽ, കഴിഞ്ഞ ദിവസം വീടിന്റെ മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് മോഷണവിവരം ആദ്യം കണ്ടെത്തുന്നത്.
വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. തുടർന്ന് തങ്കമണിയമ്മയുടെ കിടപ്പുമുറിയുടെ പൂട്ടും തകർത്ത് അകത്തുണ്ടായിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു. തങ്ങളെ തിരിച്ചറിയാതിരിക്കാൻ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും റെക്കോർഡിങ് സംവിധാനങ്ങളും മോഷ്ടാക്കൾ അഴിച്ചെടുത്തുകൊണ്ട് പോയിട്ടുണ്ട്.
പ്രദേശത്ത് മോഷണശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മൈനാഗപ്പള്ളി ഉദയാ ജംക്‌ഷൻ, കുന്നത്തൂർ ഐവർകാല, ശൂരനാട് വടക്ക് ആനയടി എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമങ്ങൾ നടന്നിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും, ജില്ലയിലെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയം നോക്കി പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ പൊളിച്ച് വൻ മോഷണം
Advertisement
Advertisement
Advertisement