breaking news New

തൃശ്ശൂർ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിച്ചെന്ന് യുഎന്‍എ

സമരത്തിന്റെ വിജയത്തോടെ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും ശമ്പളം അടുത്ത രണ്ട് മാസത്തിനകം വീണ്ടും വര്‍ദ്ധിക്കുമെന്ന വലിയ നേട്ടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്ന് യുഎന്‍എ അഖിലേന്ത്യ അദ്ധ്യക്ഷന്‍ ജാസ്മിന്‍ ഷാ വ്യക്തമാക്കി.

എന്നാല്‍, ശമ്പള വര്‍ധനയുടെ കാര്യത്തില്‍ പുതിയ തീരുമാനമില്ലെന്ന് അമല, ജൂബിലി ആശുപത്രി മാനേജ്‌മെന്റുകള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, ലേബര്‍ ഓഫിസറുടെ ക്രിയാത്മകമായ ഇടപെടലിനെത്തുടര്‍ന്നാണ് സമരം വിജയകരമായി അവസാനിച്ചതെന്ന് ജാസ്മിന്‍ ഷാ വ്യക്തമാക്കി. ജൂണ്‍ 30-ന് തൃശൂരില്‍ ലേബര്‍ ഓഫിസറായി ചുമതലയേറ്റ ജോവിന്‍ എന്ന ഉദ്യോഗസ്ഥന്റെ ദൃഢനിശ്ചയവും സമര്‍പ്പണവുമാണ് മാസങ്ങളായി നീണ്ടുപോയ ഈ തൊഴില്‍ തര്‍ക്കത്തിന് അന്ത്യം കുറിക്കാന്‍ സഹായിച്ചത്. സമരം ഒത്തുതീര്‍പ്പായതിനു ശേഷം മാനേജ്‌മെന്റും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രവര്‍ത്തകരും ഒത്തുകൂടിയ യോഗത്തില്‍ ലേബര്‍ ഓഫിസര്‍ സംസാരിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഇന്നലെ തന്നെ സമരം അവസാനിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയിരുന്നത്. എന്നാല്‍, ആരോ പടച്ചുവിട്ട ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വീണ്ടും മലക്കം മറിയുകയും സമരം രാപ്പകലില്ലാത്ത പ്രതിഷേധമായി മാറുകയും ചെയ്യുകയായിരുന്നു. ഇരുവിഭാഗവും സമരം അവസാനിപ്പിച്ച് ഒരുമിച്ച് മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നെങ്കിലും ചില കേന്ദ്രങ്ങള്‍ നിരന്തരമായി ഈ ഒത്തുതീര്‍പ്പ് നീക്കങ്ങളെ തുരങ്കം വെക്കാന്‍ ശ്രമിച്ചിരുന്നു. മാനേജ്‌മെന്റ് നടത്തിയ വാര്‍ത്താസമ്മേളനം പോലും ചിലര്‍ തങ്ങളുടെ കൃത്യമായ ലക്ഷ്യങ്ങള്‍ക്കായി ആഘോഷമാക്കാന്‍ നോക്കി.

ഇത്തരം വെല്ലുവിളികള്‍ക്കിടയിലാണ് മികച്ച ലേബര്‍ ഉദ്യോഗസ്ഥനായ ജോവിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായത്. മാനേജ്‌മെന്റുമായും നഴ്സുമാരുമായും ഉള്ള പരസ്പര വിശ്വാസവും സഹകരണവും നഷ്ടപ്പെടുത്താതെ, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ഒരു വേദിയാണ് അദ്ദേഹം ഒരുക്കിയത്. മാനേജ്‌മെന്റ് ഒരിക്കലും നഴ്സുമാര്‍ക്ക് എതിരല്ലെന്നും, നഴ്സുമാര്‍ മാനേജ്‌മെന്റിന് എതിരല്ലെന്നുമുള്ള യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തി ഇരടുക്കൂട്ടരെയും ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

നഴ്സുമാരുടെ ജീവല്‍പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ ഈ സമരം കേരളത്തിലെ മുഴുവന്‍ ആശുപത്രി ജീവനക്കാര്‍ക്കും തുണയാകുന്ന ഒന്നാണ്. ഈ സമരത്തിന്റെ വിജയത്തോടെ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും ശമ്പളം അടുത്ത രണ്ട് മാസത്തിനകം വീണ്ടും വര്‍ദ്ധിക്കുമെന്ന വലിയ നേട്ടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഭാഗത്തുനിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. യുഎന്‍എയുടെ അഭ്യര്‍ത്ഥന മാനിച്ച് ജോവിനെ തൃശൂരിലെ ലേബര്‍ ഓഫീസറായി നിയമിക്കുകയും, തങ്ങള്‍ നഴ്സുമാര്‍ക്കൊപ്പം ഉണ്ടെന്ന കൃത്യമായ സന്ദേശം നല്‍കുകയും ചെയ്ത തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നിലപാട് ഏറെ പ്രശംസനീയമാണെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

ഇതോടൊപ്പം, എല്ലാ സമയത്തും നഴ്സുമാര്‍ക്കൊപ്പം നിലകൊണ്ട ആരോഗ്യ മന്ത്രി കെ. മുരളീധരന്‍, ആരോഗ്യ വകുപ്പില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തിയ അഡീഷണല്‍ പി.എസ് ഡോ. സുനില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും സമര വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

എന്നാല്‍, ശമ്പളവര്‍ധന അംഗീകരിച്ചെന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് അധികൃതരും അമല ആശുപത്രി അധികൃതരും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കി. സമരത്തിന്റെ പേരില്‍ നാടകീയമായ സംഭവങ്ങളാണ് നടക്കുന്നതെന്നും ശമ്പള വര്‍ധനയുടെ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും അമല ആശുപത്രി ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ അറിയിച്ചു. ശമ്പളത്തില്‍ വര്‍ധിപ്പിച്ചതെന്നു പറയുന്ന തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കിയതാണെന്നും അതിന് ഇപ്പോഴത്തെ സമരവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂബിലി മിഷന്‍ മാനേജ്‌മെന്റിനൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും ലേബര്‍ ഓഫിസറുമായി നടന്ന ചര്‍ച്ചയില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അമല അധികൃതര്‍ വ്യക്തമാക്കി.

സമരത്തില്‍ പങ്കെടുക്കുന്ന നഴ്‌സുമാരെ ജോലിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നാണ് ഇരു മാനേജ്‌മെന്റുകളുടെയും നിലപാട്. അവശ്യ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സമരത്തിന് ഇറങ്ങിയതിനാല്‍ സേവനങ്ങള്‍ മുടങ്ങാതിരിക്കാന്‍ ദിവസവേതനക്കാരെ അടക്കം റിക്രൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ബാക്കിയുള്ള ഒഴിവുകളിലേക്ക് മാത്രമേ നിലവില്‍ സമരത്തിലുള്ളവരെ പരിഗണിക്കാന്‍ സാധിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. ജൂബിലി മിഷനില്‍ സമരത്തിലുള്ള 350 പേരില്‍ 200 പേരുടെ ഒഴിവുകളിലും, അമലയില്‍ സമരം ചെയ്യുന്ന 650ലധികം പേരില്‍ 200 പേരുടെ ഒഴിവുകളിലും ഇതിനകം നിയമനം നടത്തിക്കഴിഞ്ഞതായി ജൂബിലി ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുര്യന്‍, സിഇഒ ബെന്നി നീലങ്കാവില്‍ തുടങ്ങിയവര്‍ വ്യക്തമാക്കി.

അതേസമയം, അമല മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയാണെന്ന് യുഎന്‍എ ഭാരവാഹികള്‍ ആരോപിച്ചു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമലയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തങ്ങളെ വിളിക്കുകയും പുതുക്കിയ ശമ്പള സ്‌കെയില്‍ അയച്ചുതരികയും ചെയ്തിരുന്നു. എന്നാല്‍ ജൂബിലി മിഷന്‍ മാനേജ്‌മെന്റിന്റെ സമ്മര്‍ദവും ബാഹ്യമായ ഇടപെടലുകളും കാരണമാണ് പെട്ടെന്ന് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ച് അധികൃതര്‍ നിലപാട് മാറ്റിയതെന്ന് യുഎന്‍എ ജില്ലാ പ്രസിഡന്റ് ടിന്റു തോമസ്, ഇ.എസ്. ദിവ്യ എന്നിവര്‍ കുറ്റപ്പെടുത്തി. അവകാശങ്ങള്‍ നേടിയെടുത്ത് വിജയിക്കുന്നതു വരെ സമരം തുടരുമെന്നും സംഘടന പ്രഖ്യാപിച്ചു.

ഇതിനിടെ, നഴ്‌സിങ് സമരം ഒത്തുതീര്‍പ്പാക്കാത്ത ജൂബിലി ആശുപത്രി മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ യുഎന്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് ശക്തമായ പ്രതിഷേധ മാര്‍ച്ച് നടത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5