കോട്ടയം : വെറുമൊരു വഴി വെട്ടുകയായിരുന്നില്ല അദ്ദേഹം ചെയ്തത്, മറിച്ച് സാഹചര്യങ്ങളോട് പടവെട്ടി ഒരു വിജയസാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുകയായിരുന്നു. 'മഴ പെയ്ത് തോരുമ്പോള്‍' എന്ന ഹാസസാഹിത്യ കൃതിക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി നാട് ആദരിച്ച വിജയകുമാര്‍, തയ്യല്‍ക്കടയിലെ സഹായിയില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്ന വന്‍ വ്യവസായിയായി മാറിയ വിസ്മയ ചരിത്രമാണ് അദ്ദേഹത്തിന്റേത്.
ചെങ്ങളം തെക്കേക്കുറ്റ് ഗോപിനാഥന്‍ നായരുടെയും കോതനല്ലൂര്‍ പരയ്ക്കാട്ട് പി.ജി. ചെല്ലമ്മയുടെയും മകനായ വിജയകുമാറിന്റെ കുട്ടിക്കാലം കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. പഠിക്കാനുള്ള വരുമാനത്തിനായി അദ്ദേഹം ഒരു തുന്നല്‍ക്കടയില്‍ പോയി തയ്യല്‍ പഠിച്ചു. പിന്നീട് അവിടെ തയ്യല്‍ പണി ചെയ്ത് കിട്ടിയ വരുമാനം കൊണ്ടാണ് സ്വന്തം പഠനത്തിനുള്ള ചിലവുകള്‍ അദ്ദേഹം കണ്ടെത്തിയത്.
നാട്ടിലെ തയ്യല്‍ പണിയില്‍ ഒതുങ്ങേണ്ടതല്ല തന്റെ ജീവിതമെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ട് അദ്ദേഹം പിന്നീട് ബോംബെയിലേക്ക് വണ്ടി കയറി. അവിടെ നിന്നും കഠിനാധ്വാനം കൊണ്ട് ഗാര്‍മെന്റ്‌സ് കയറ്റുമതി രംഗത്തേക്ക് ചുവടുവെച്ചു. ബോംബെയിലെ വിജയത്തിന് ശേഷം ബംഗ്ലാദേശിലേക്ക് ബിസിനസ് വ്യാപിപ്പിച്ച അദ്ദേഹം ഗാര്‍മെന്റ്‌സ് രംഗത്തെ മുന്‍നിര വ്യവസായിയായി മാറി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി നേരിട്ട് വിജയകുമാറിനെ വിളിച്ച് ഗുജറാത്തില്‍ വ്യവസായ സ്ഥാപനം തുടങ്ങാന്‍ ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ബിസിനസ്സ് മികവിനുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു. പക്ഷേ അ്‌ദ്ദേഹം ഗുജറാത്തിലേക്ക് പോയില്ല.
പിന്നീട് കേരളത്തില്‍ തത്വമസി ഹൗസ് ബോട്ട് ഉള്‍പ്പെടെയുള്ള പ്രമുഖ സംരംഭങ്ങളുടെ ഉടമയായി അദ്ദേഹം മാറി. തത്വമസി ട്രസ്റ്റിന്റെ ചെയര്‍മാന്‍, ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ്, സോണ്‍ ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി.
കാരിത്താസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പുന്നത്തുറയിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാര ചടങ്ങുകള്‍ 08.07.2026 ബുധനാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: സുജാത വിജയ് (തിരുവല്ല പെരിങ്ങര കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം). മകന്‍: അഡ്വ. അഖില്‍ വിജയ് (കേരള ഹൈക്കോടതി), മകള്‍: ഡോ. ഐശ്വര്യ വിജയ് (ആയുസ്സ് വെല്‍നെസ് ഹോസ്പിറ്റല്‍, കൊച്ചി). മരുമക്കള്‍: അഡ്വ. ദൃശ്യ ആര്‍, ഹരിനാരായണന്‍ ആര്‍ (ബിസിനസ്).
ജീവിതത്തിന്റെ പ്രതിസന്ധികളോട് പൊരുതി, ആര്‍ക്കും മുന്നിലും തലകുനിക്കാതെ സ്വന്തമായൊരു ലോകം വെട്ടിപ്പിടിച്ച പ്രശസ്ത സാഹിത്യകാരനും വ്യവസായിയുമായ പുന്നത്തുറ ശ്രീകൈലാസ് ഗാര്‍ഡന്‍സില്‍ ടി.ജി. വിജയകുമാര്‍ (ബാബുജി - 66) അന്തരിച്ചു
Advertisement
Advertisement
Advertisement