breaking news New

മിനിമം വേതനം നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ (ഐ.എന്‍.എ) നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരം ശക്തമാക്കിയത്. ധര്‍ണാ സമരം ഡി.സി.സി പ്രസിഡണ്ട് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച്ച നടന്ന ചര്‍ച്ചയില്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് പകരം ബന്ധപ്പെട്ട ആശുപത്രികളുടെ തൊഴിലുടമകള്‍ നേരിട്ട് ഹാജരാകണമെന്ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ആശുപത്രി ഉടമകള്‍ ഹാജരാകാതിരുന്നതിനാല്‍ ചര്‍ച്ച നടന്നിരുന്നില്ല. ഇതോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംയുക്ത സമരസഹായ സമിതി തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആശുപത്രികള്‍ക്ക് മുന്നിലുള്ള സമരം തുടര്‍ന്നു വരികയാണ്.

അതേസമയം, തൊഴില്‍ വകുപ്പ് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ തൊഴില്‍നിയമ ലംഘനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത സമരസഹായ സമിതി ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പ് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിച്ച് സമരത്തിലിരിക്കുന്ന നഴ്സുമാര്‍ക്ക് നീതി ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

സമര സഹായസമിതി ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി,വൈസ് ചെയര്‍മാന്‍ അഡ്വ. അജയകുമാര്‍, എം.സി. അതുല്‍ , വെള്ളോറ രാജന്‍,ഷാക്കിര്‍ ആഡൂര്‍, റൈജു ജെയ്‌സണ്‍,പി.കെ. വേണുഗോപാലന്‍, സുധീഷ് കടന്നപ്പള്ളി, മുസ്തഫ നാറാത്ത്, കെ.വി പ്രമോദ് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ്. സംസ്ഥാന വൈസ് പ്രസിഡന്റ് ടെജിമോള്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുപമ, ജില്ലാ പ്രസിഡന്റ് സോഫിയ അബ്രഹം, ജില്ലാ സെക്രട്ടറി പ്രജിത മാവള്ളി, ജില്ലാ ട്രഷറര്‍ മുക്ത സി എം, സംസ്ഥാന കമ്മിറ്റി അംഗം ബിജോഷ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5