breaking news New

പത്തനംതിട്ട കൂടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, അന്വേഷണത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടും യുവാവിനോടും പോലീസ് അതിക്രൂരമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ !!

അന്വേഷണത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടും യുവാവിനോടും പോലീസ് അതിക്രൂരമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കളും ഇരകളും രംഗത്ത്. കൂടല്‍ പോലീസിനെതിരെ കസ്റ്റഡിയിലെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പോലീസിന്റെ അതിക്രൂരമായ മാനസിക പീഡനത്തില്‍ മനംനൊന്ത് ഒരു വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും രക്ഷിതാക്കള്‍ വെളിപ്പെടുത്തി.

കൊടുംകുറ്റവാളികളെ പിടികൂടുന്നതുപോലെ രാവിലെ ആറു മണിയോടെ യൂണിഫോം പോലും ധരിക്കാതെ എത്തി വീടുവളഞ്ഞാണ് പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്തതെന്ന് മാതാപിതാക്കള്‍ പറയുന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അനുവദിക്കാതെയാണ് കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനില്‍ വെച്ച് കുട്ടികളെ കാണാന്‍ രക്ഷിതാക്കളെ അനുവദിച്ചില്ലെന്ന് മാത്രമല്ല, കുട്ടികളെ കോളറില്‍ കുത്തിപ്പിടിക്കുകയും മണിക്കൂറുകളോളം ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്തു.

കൊടുംകുറ്റവാളികളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് പോലീസ് പെരുമാറിയത്. കുറ്റം സമ്മതിച്ചില്ലെങ്കില്‍ ജയിലിലിടുമെന്ന് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി' എന്ന് ഒരു രക്ഷിതാവ് സങ്കടത്തോടെ പറഞ്ഞു. നിലവില്‍ കുട്ടികള്‍ വലിയ മനോവിഷമത്തിലാണെന്നും സ്‌കൂളില്‍ പോകാന്‍ ഭയപ്പെടുകയാണെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

കുട്ടികള്‍ക്ക് പുറമേ, കേസില്‍ അറസ്റ്റിലായ ഇരുപത് വയസ്സുള്ള യുവാവിനെതിരെയും പോലീസ് ക്രൂരമായ മൂന്നാംമുറ പ്രയോഗിച്ചതായി പരാതിയുണ്ട്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് യുവാവ് വെളിപ്പെടുത്തി. കാലില്‍ ബൂട്ടിട്ട് ചവിട്ടുകയും, രണ്ട് ചെവികളും മുകളിലേക്ക് പിടിച്ച് കറക്കുകയും, തലമുടിയില്‍ പിടിച്ച് കറക്കി നിലത്ത് മുട്ടിക്കുകയും ചെയ്തുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. പരാതി നല്‍കിയ പെണ്‍കുട്ടിയെയോ പിടിയിലായ മറ്റ് വിദ്യാര്‍ത്ഥികളെയോ തനിക്ക് പരിചയമില്ലെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. പോലീസിന്റെ ക്രൂരതയ്ക്കെതിരെ യുവാവ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നിലവില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സഹപാഠികള്‍ ഉള്‍പ്പെടെ 11 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു 13-കാരിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിലൂടെ പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയടക്കം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത്. എന്നാല്‍, പിന്നീട് നടന്ന വൈദ്യപരിശോധനയിലാണ് പീഡനം നടന്നിട്ടില്ലെന്നും പരാതി വ്യാജമാണെന്നും വ്യക്തമായത്. പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിച്ചതെന്ന് സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നിയമപരമായ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5