breaking news New

ഇടുക്കിയില്‍ ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റില്‍ കൂട്ടാറിലും കരുണാപുരത്തും വ്യാപക നാശനഷ്ടം : വീടുകള്‍ തകര്‍ന്നു !!

കേരളത്തില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ കനത്ത നാശനഷ്ടം നേരിട്ടത്. ഇടുക്കി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട അതിശക്തമായ കാറ്റിലാണ് വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തി മേഖലയായ കൂട്ടാറിലും കരുണാപുരം പഞ്ചായത്തിലുമാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

കൂട്ടാര്‍ മേഖലയില്‍ ജനവാസ മേഖലയിലെ മൂന്ന് വീടുകള്‍ക്ക് മുകളിലേയ്ക്കാണ് ഭീമാകാരമായ മരങ്ങള്‍ കടപുഴകി വീണത്. വലിയ മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് ഈ വീടുകളുടെ മേല്‍ക്കൂരകളും ഭിത്തികളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് ആളുകള്‍ ഓടിമാറിയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

അതിര്‍ത്തി ഗ്രാമമായ കരുണാപുരം പഞ്ചായത്തില്‍ രണ്ടു മണിക്കൂറോളമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി അതിശക്തമായ ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണും കടപുഴകിയും അതിര്‍ത്തി മേഖലകളില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചു.

വിളവെടുപ്പിന് പാകമായ വലിയ തോതിലുള്ള ഏലം ചെടികളും കുലച്ച വാഴകളും കാറ്റില്‍ ഒടിഞ്ഞുവീണു നശിച്ചിട്ടുണ്ട്. കൂടാതെ കുരുമുളക് കൊടികള്‍ പടര്‍ന്നുനിന്നിരുന്ന താങ്ങുമരങ്ങള്‍ ഉള്‍പ്പെടെ ഒടിഞ്ഞുവീണത് കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രകൃതിക്ഷോഭത്തിൽ ഹൈറേഞ്ചിലെ കര്‍ഷകര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ അടിയന്തര സഹായം പ്രതീക്ഷിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5