breaking news New

കരാർ കാലാവധി കഴിഞ്ഞിട്ടും 505 പഞ്ചായത്തുകളിൽ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാർ തുടരുന്നു ; പി.എസ്.സി റാങ്ക് ലിസ്റ്റിനെ അവഗണിക്കുന്നുവെന്നു ഗുരുതര ആരോപണം

സംസ്ഥാനത്തെ 505 ഗ്രാമപഞ്ചായത്തുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്ന പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ജീവനക്കാരുടെ കരാർ കാലാവധി 2026 ജൂൺ 26-ന് അവസാനിച്ചിട്ടും, കരാർ പുതുക്കിയ സർക്കാർ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നിരിക്കെ അവർ സേവനം തുടരുന്നതായി ആക്ഷേപം ഉയരുന്നു.

കരാർ കാലാവധി അവസാനിച്ച ശേഷവും ഏത് നിയമപരമായ അടിസ്ഥാനത്തിലാണ് ഇവർ ജോലിയിൽ തുടരുന്നതെന്നും, സർക്കാർ ഇതിനുള്ള വിശദീകരണം നൽകണമെന്നും പി.എസ്.സി റാങ്ക് ഹോൾഡർമാർ ആവശ്യപ്പെട്ടു.

അതേസമയം, ബന്ധപ്പെട്ട തസ്തികകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരിക്കെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാതെ കാത്തിരിക്കേണ്ടി വരുന്നത് വലിയ അനീതിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിരവധി ഉദ്യോഗാർത്ഥികൾ തൊഴിൽ ലഭിക്കാതെ സാമ്പത്തികവും മാനസികവുമായി വലിയ പ്രയാസങ്ങൾ നേരിടുകയാണെന്നും, താൽക്കാലിക ജീവനക്കാരെ അനിശ്ചിതമായി തുടരാൻ അനുവദിക്കുന്നത് സ്ഥിരനിയമന നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ആരോപിച്ചു.

കരാർ കാലാവധി കഴിഞ്ഞ ജീവനക്കാരെ നിയമാനുസൃത നടപടികൾ സ്വീകരിച്ച് ഒഴിവാക്കി, നിലവിലുള്ള ഒഴിവുകളിൽ അടിയന്തരമായി പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തി റാങ്ക് ഹോൾഡർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അവർ ആവശ്യപ്പെട്ടു.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5