ചെർക്കളയിൽ ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയെന്ന ആളുടെ വീട്ടിലാണ് റെയ്‌ഡ് നടന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിദ്യാനഗർ പോലീസിന് കൈമാറുകയായിരുന്നു. പോലീസിനൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. ‘ദാറുൽ അമാൻ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലായിരുന്നു പരിശോധന. വീടിന് മുന്നിൽ ക്ളിനിക്കിന്റെ ബോർഡും സ്ഥാപിച്ചിരുന്നു. മുൻകൂട്ടി ടോക്കൺ എടുത്തതിനുശേഷമാണ് ആളുകൾ ചികിത്സക്കെത്തിയിരുന്നത്. രോഗശാന്തിക്ക് എത്തുന്നവർക്ക് മന്ത്രിച്ചോതിയ വെള്ളവും തേനും മറ്റുമാണ് ഇവിടെ പ്രധാനമായും നൽകിയിരുന്നതെന്ന് ഉസ്താദ് സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
ആളുകളുടെ വിശ്വാസത്തെ മുതലെടുത്താണ് ഇയാൾ ഇത്തരം ക്രിയകൾ നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മന്ത്രം ജപിച്ച് തേനും വെള്ളവും നൽകാൻ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകളും കുപ്പികളും വീടിനുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്ലാസ്റ്റിക് കുപ്പികൾ രണ്ടു മൂന്ന് വലിയ ബണ്ടിലുകളായിട്ടാണ് സൂക്ഷിച്ചിരുന്നത്. പുറത്തുനിന്നു കൊണ്ടുവരുന്ന മുട്ടകളിൽ അറബി മാന്ത്രിക ലിപികൾ എഴുതി നൽകുന്ന രീതിയും ഇവിടെ നിലനിന്നിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വീട്ടിലെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നാണ് വിവരം. ചികിത്സയ്‌ക്കെത്തുന്ന ആളുകളുടെ വിവരങ്ങൾ അടങ്ങിയ ഡയറികളും റെയ്ഡിൽ പിടിച്ചെടുത്തു. പേരും അസുഖ വിവരങ്ങളുമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചില ഭാഗങ്ങളിൽ ‘പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരി’ എന്നിങ്ങനെയുള്ള കുറിപ്പുകളും പോലീസ് കണ്ടെത്തി.
പരിശോധനയുടെ തുടക്കത്തിൽ വീടിന്റെ ചുവരിൽ തൂക്കിയിരുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. വെറും ഒരാഴ്ച മാത്രം നീണ്ടുനിന്ന ഒരു വെൽനസ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് കാട്ടിയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. എന്നാൽ ഈ കോഴ്സിൽ താൻ പൂർണ്ണമായി പങ്കെടുത്തിട്ടില്ലെന്ന് ഉസ്താദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഉസ്‌താദിന്റെ വീട്ടിൽ വ്യാജചികിത്സയും ആഭിചാരക്രിയയും നടക്കുന്നുവെന്ന പരാതിയിൽ കാസർകോട് റെയ്‌ഡ്
Advertisement
Advertisement
Advertisement