breaking news New

പുതുതായി നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തില്‍ നിന്നും കള്ളന്മാര്‍ 16 സിലണ്ടറുകള്‍ മോഷ്ടിച്ചു കൊണ്ടുപോയി !!

കോട്ടയം : വൈക്കം ടി.വി.പുരം പഞ്ചായത്തില്‍ ചേരിക്കല്‍ പുതിയതായി നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനുസമീപം മുറിയില്‍ സൂക്ഷിച്ചിരുന്ന സിലണ്ടറുകളാണ് മോഷണം പോയത്. മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്.

ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തിനായുള്ള, 19 കിലോ തൂക്കംവരുന്ന 16 കൊമേഴ്സ്യല്‍ സിലിന്‍ഡറാണ് മോഷണംപോയത്. ഏകദേശം 75,000 രൂപയുടെ നഷ്ടം കണക്കാകുന്നു. ഏപ്രില്‍ ഒന്നിനുശേഷമുള്ള ദിവസമാണ് മോഷണം നടത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം ഹരിതകര്‍മസേനാംഗങ്ങള്‍ സമീപത്തുള്ള എം.സി.എഫിന്റെ മുറി തുറക്കാനെത്തിയപ്പോള്‍ കതകിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടതോടെയാണ് മോഷണവിവരം അറിയുന്നത്.

പഞ്ചായത്ത് സെക്രട്ടറി വൈക്കം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിരലടയാളവിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും, യാതൊരു സൂചനയും ലഭിച്ചില്ല. സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ടി.വി.പുരം ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ 93 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ശ്മശാനം നിര്‍മിച്ചത്. പ്രതികളെ പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ആവശ്യപ്പെട്ടു.

2025 ഒക്ടോബറില്‍ ഇതിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും, പ്രവര്‍ത്തിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അടുത്ത ദിവസങ്ങളിലായി രേഖകളെല്ലാം ലഭിച്ചെങ്കിലും കളക്ടറുടെ പ്രവര്‍ത്തനാനുമതി ആവശ്യമാണ്. ജൂലായ് എട്ടിന് പ്രവര്‍ത്തനക്ഷമമാക്കാനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് സിലിന്‍ഡറുകള്‍ മോഷണം പോയത്.

മോഷണവിവരം അറിഞ്ഞശേഷം കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ മോഷണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുകയോ, മുഴുവന്‍ കമ്മിറ്റിയംഗങ്ങളെയും വിവരമറിയിക്കുകയോ ചെയ്യാതിരുന്നത് മോഷ്ടാക്കളെ സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ് ടി.വി.പുരം മണ്ഡലം പ്രസിഡന്റ് ടി. അനില്‍കുമാര്‍ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതി സംഭവം മൂടിവെക്കാനാണ് ശ്രമിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5