breaking news New

മലയോരത്തെ ഒരു പൊതുവിദ്യാലയത്തിലെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ അധ്യാപകർ സംശയം തോന്നി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അര ലിറ്റർ ചാരായം !!!

എസ്.എസ്.എൽ.സി. വിദ്യാർഥിയായ പതിനഞ്ചുകാരനെ ചോദ്യം ചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് ’നാടൻ’ തന്റെ ബാഗിൽ വെച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ.

മറ്റ് വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ചു നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധ്യാപകർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ആ വിദ്യാർഥിയെ ചോദ്യം ചെയ്തതോടെ വ്യാജമദ്യ വിപണനം നടത്തുന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഇയാളുടെ വീടിനും സമീപത്തും പോലീസ് നടത്തിയ പരിശോധനയിൽ 28 ലിറ്റർ വരുന്ന അരലിറ്ററിന്റെ 56 ബോട്ടിൽ ചാരായം കണ്ടെത്തി.

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടിപ്പാറ ചമൽ കേളൻമൂലയിലെ ഒരു റബ്ബർത്തോട്ടത്തിൽ നിന്നാണ് രണ്ടു ചാക്കുകളിലായി സൂക്ഷിച്ച ചാരായം താമരശ്ശേരി പോലീസ് പിടിച്ചെടുത്തത്.

അനധികൃതമായി വ്യാജമദ്യം കൈവശം വെച്ചതിനും കൈകാര്യം ചെയ്തതിനും മദ്യം സ്‌കൂളിലേക്കു കൊണ്ടുവന്ന കുട്ടിയെയും അത് ബാഗിൽ സൂക്ഷിച്ച കുട്ടിയെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.

സംഭവത്തിൽ ചമൽ കേളൻമൂല സ്വദേശി പൂവൻമല രമേശന് (40) എതിരേ അബ്കാരി ആക്ട് പ്രകാരം താമരശ്ശേരി പോലീസ് കേസെടുത്തു. മറ്റ് സ്ഥലത്തുനിന്ന് വ്യാജമദ്യം ഉത്പാദിപ്പിച്ചശേഷം ഇവിടെ ശേഖരിക്കുകയായിരുന്നു. ഇയാൾ ഒളിവിലാണെന്നു പോലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5