breaking news New

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നില്ല. നടപടിയെടുത്താല്‍ ശബരിമലയിലെ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പത്മകുമാര്‍ സുഹൃത്തുക്കളോടും സിപിഎം നേതാക്കളോടും പറഞ്ഞിരുന്നു. സമ്മര്‍ദത്തിനു വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയര്‍ന്ന ഘട്ടത്തിലൊക്കെ നടപടിക്ക് മടിച്ച സി.പി.എം , ഒടുവില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി അത് കണക്കിലെടുത്ത് ജില്ലാക്കമ്മിറ്റിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. മുതിര്‍ന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. പുറത്താക്കല്‍ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു.

നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാര്‍ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ സസ്‌പെന്‍ഷനില്‍ നടപടി ഒതുങ്ങുന്നതോടെ വെളിപ്പെടുത്തലുകള്‍ക്ക് തയ്യാറാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5