മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ വനത്തിനുള്ളിൽ വഴിതെറ്റി കൊക്കയിലേക്ക് മറിയുന്ന അവസ്ഥയിലായി. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച വാഹനമാണ് കോന്നി കള്ളിപ്പാറയ്‌ക്ക് സമീപം അപകടത്തിൽപെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസെത്തിയാണ് ഇദ്ദേഹത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
മാങ്കോട് നിന്ന് തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുകയായിരുന്നു പാസ്റ്റർ സജി ചെറിയാൻ. എന്നാൽ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന് വാഹനം മുന്നോട്ട് പോയതോടെ കള്ളിപ്പാറയ്‌ക്ക് സമീപമുള്ള വനമേഖലയിൽ കുടുങ്ങുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ കൊക്കയിലേക്ക് ചരിഞ്ഞു വീണു.
അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ പാസ്റ്റർ സജി ചെറിയാൻ ‘112’ എന്ന എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് കൂടൽ പൊലീസിന്റെ നേതൃത്വത്തിൽ വനത്തിനുള്ളിൽ മണിക്കൂറുകൾ നീണ്ട ഊർജ്ജിതമായ തിരച്ചിൽ നടത്തിയാണ് ഇദ്ദേഹത്തെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
അതേസമയം, അപകടത്തിൽപെട്ട കാർ ഇപ്പോഴും വനത്തിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. വനമേഖലയിലെ ദുർഘടമായ സാഹചര്യം കണക്കിലെടുത്ത് വാഹനം നാളെ മാത്രമേ പുറത്തെടുക്കാൻ സാധിക്കൂ എന്ന് കൂടൽ പൊലീസ് അറിയിച്ചു. മലയോര മേഖലകളിൽ കൃത്യമല്ലാത്ത വഴി കാണിച്ച് ഗൂഗിൾ മാപ്പ് യാത്രക്കാരെ അപകടത്തിലാക്കുന്നത് ജില്ലയിൽ തുടർക്കഥയാവുകയാണ്.
പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം വീണ്ടും അപകടത്തിൽപെട്ടു : അപകടത്തിൽ പെട്ടത് തിരുവല്ല സ്വദേശിയുടെ കാർ
Advertisement
Advertisement
Advertisement