മിഥുന മാസ പൂജകൾക്കായി ക്ഷേത്ര നട തുറന്നതിന് തൊട്ടുപിന്നാലെയാണ് എസ്ഐടി സംഘം ശ്രീകോവിലിനുള്ളിൽ പരിശോധനയ്ക്കായി പ്രവേശിക്കുന്നത്. ശ്രീകോവിലിന് മുന്നിലുള്ള പ്രഭാമണ്ഡലം, കട്ടിളപ്പാളി, അതിന്റെ താഴ്ഭാഗം എന്നിവ പൂർണ്ണമായും ഇളക്കിമാറ്റിയാണ് ഇത്തവണ സംഘം പരിശോധന നടത്തുക.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സന്നിധാനത്ത് എസ്ഐടിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടന്നിരുന്നുവെങ്കിലും, ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും പരിശോധിക്കുന്നതിൽ നിന്നും അന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ, ശ്രീകോവിലിന് മുന്നിലെ പ്രഭാമണ്ഡലത്തിൽ നിന്ന് വൻതോതിൽ സ്വർണ്ണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന ശക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ ഭാഗങ്ങൾ ഇളക്കിയുള്ള അടിയന്തര പരിശോധനയ്ക്ക് ഇപ്പോൾ അന്വേഷണ സംഘം മുതിരുന്നത്. കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായാണ് ഈ പരിശോധനയെ വിലയിരുത്തുന്നത്.
മിഥുന മാസ പൂജകൾക്കായി നട തുറന്ന പശ്ചാത്തലത്തിലാണ് വിജിലൻസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക എസ്ഐടി സംഘം സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നത്. ആചാരപരവും വിശ്വാസപരവുമായ കാരണങ്ങളാൽ പ്രഭാമണ്ഡലം കൂടുതൽ സമയം ശ്രീകോവിലിൽ നിന്നും മാറ്റി സൂക്ഷിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ തന്ത്രിയുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ ഇത് അതിവേഗം അഴിച്ചെടുത്ത് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. പൂജകൾ കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുൻപ് തന്നെ പ്രഭാമണ്ഡലം കൃത്യമായി തിരികെ പ്രതിഷ്ഠിക്കുകയും വേണം.
ഇന്നും നാളെയുമായി സന്നിധാനത്തെ മുഴുവൻ പരിശോധനകളും പൂർത്തിയാക്കി, എത്രയും വേഗം കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. കേസ് അന്വേഷണത്തിനായി മുൻപ് പലതവണ സംഘം കോടതിയിൽ നിന്ന് സമയം നീട്ടി ചോദിച്ചിരുന്നു. എന്നാൽ ഇത്തവണ യാതൊരു കാരണവശാലും സമയം നീട്ടി നൽകില്ലെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകിയ പശ്ചാത്തലത്തിലാണ് അതീവ രഹസ്യ സ്വഭാവത്തോടെയുള്ള ഈ മിന്നൽ പരിശോധന.
ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അതീവ നിർണ്ണായകമായ പരിശോധന അൽപ്പസമയത്തിനകം ആരംഭിക്കും
Advertisement
Advertisement
Advertisement