breaking news New

അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ഔചിത്യമില്ലാതെ പെരുമാറിയവർക്കെതിരെയും സെൽഫി എടുക്കാൻ തിരക്കുകൂട്ടിയവർക്കെതിരെയും സിനിമാ-രാഷ്ട്രീയ രംഗത്തുനിന്ന് കടുത്ത വിമർശനം

താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ചിലർ കാണിച്ച അമിത ആവേശമാണ് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായത്. സംസ്കാര ചടങ്ങിനിടെ ക്യാമറകളുമായി തള്ളിക്കയറിവർക്കെതിരെ മകൻ ചന്ദു സലീംകുമാർ കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

സലിംകുമാറിന്റെ അടുത്ത സുഹൃത്തായ നടൻ ദിലീപ് സംസ്‌കാര ചടങ്ങിലുടനീളം വസതിയിലുണ്ടായിരുന്നു. ദുഃഖഭരിതമായ ഈ അന്തരീക്ഷത്തിനിടയിലാണ് ദിലീപിനൊപ്പം സെൽഫിയെടുക്കാൻ ഒരാൾ മൊബൈലുമായി എത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടൻ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. "മരണവീടാണെന്ന് പോലും ഓർക്കാതെ ഇങ്ങനെ കാണിക്കുന്നവരോട് ഒന്നും പറയാനില്ല, ആരാണെങ്കിലും ലജ്ജ തോന്നുന്നു" എന്ന് മാധവ് കുറിച്ചു. "മരണവീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്! ഇങ്ങനെ കുറെയെണ്ണം," എന്നായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രൂക്ഷമായ പ്രതികരണം.

സലിംകുമാറിന്റെ പറവൂരിലെ വസതിയായ 'ലാഫിങ്ങ് വില്ല'യിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ ക്യാമറകളുമായി തള്ളിക്കയറി അസ്വസ്ഥത സൃഷ്ടിച്ച യുട്യൂബ് ചാനലുകൾക്കെതിരെ മകൻ ചന്തു സലിംകുമാറും രംഗത്തെത്തി. ഭൗതിക ശരീരത്തിന് അരികിൽ മൊബൈൽ ക്യാമറകളുമായി നിന്നവരോട് അൽപം പിന്നോട്ട് മാറി നിൽക്കാൻ ചന്തു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും ഗൗനിക്കാതെ മൊബൈൽ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു അവർക്ക് നേരെ രൂക്ഷമായ രീതിയിൽ കയർത്തു സംസാരിക്കുകയായിരുന്നു.

സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ചുറ്റിപ്പറ്റിയും സമാനമായ സംഭവമുണ്ടായി. മരണവീട്ടിലെ ദുഃഖസാഹചര്യം പോലും പരിഗണിക്കാതെ വി.ഡി. സതീശന് ഷാൾ അണിയിക്കാൻ ഒരു പാർട്ടി പ്രവർത്തകൻ തിരക്കു കൂട്ടിയെത്തുകയായിരുന്നു. സ്ഥലകാല ബോധമില്ലാതെയുള്ള പ്രവർത്തകന്റെ ഈ പെരുമാറ്റത്തിൽ മുഖ്യമന്ത്രി അയാളോട് കയർക്കുകയും തന്റെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5