breaking news New

ഇടുക്കിയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തുഫാൻ' ശക്തമാകുന്നു

കുമളിയിൽ നടത്തിയ കനത്ത പരിശോധനയിൽ ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതി സ്വദേശികളായ എബിൻ എം.ജെ, അർജുൻ, കൊല്ലംപട്ടട സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെ ഇടുക്കി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്തുനിന്ന് കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കുമളി പോലീസ് നടത്തിയ പരിശോധനയിൽ ചെറിയ അളവിൽ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് വൻ കഞ്ചാവ് വിൽപ്പനക്കാരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് ലഹരി വിൽപ്പനയെക്കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. കൊല്ലംപട്ടട ഭാഗത്ത് വച്ച് ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽക്കുന്നതിനിടെയാണ് മൂവരും പോലീസിന്റെ വലയിലാകുന്നത്.

പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വലിയ തോതിലുള്ള കഞ്ചാവ് ശേഖരത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. പെരുമ്പാവൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പ്രതികളിലൊരാളായ എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് എബിന്റെ വീട്ടിൽ പോലീസ് നടത്തിയ അടിയന്തര പരിശോധനയിലാണ് ഒന്നരക്കിലോയോളം വരുന്ന കഞ്ചാവ് ശേഖരം കണ്ടെടുത്തത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളിയിൽ മാത്രം ഇതിനകം അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5