breaking news New

പോക്സോ കേസില്‍ പ്രതിയായ യുവാവിന്റെ പിതാവിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പ്രമുഖ യൂട്യൂബ് വ്‌ലോഗര്‍മാരെ പത്തനംതിട്ട അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചല്‍ അഗസ്തികോട് സ്വദേശി അഗ്‌നി ജുവല്‍ (33), തിരുവനന്തപുരം മംഗലപുരം സ്വദേശി അനീഷ് വിജയന്‍ (35) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അടൂര്‍ ടൗണില്‍ വെച്ചാണ് ഇവരെ പോലീസ് തന്ത്രപരമായി കുടുക്കിയത്.

കഴിഞ്ഞ മെയ് മാസത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഒന്നാം പ്രതിയുടെ പിതാവാണ് പരാതിക്കാരന്‍. 'ശ്രീ വ്‌ലോഗ്' എന്ന ചാനലിന്റെ ഉടമ ശ്രീജിത്ത്, അദ്ദേഹത്തിന്റെ ഭാര്യ, കൂടാതെ പുനലൂരും അഞ്ചലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'വിസ്മയ' യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തകരായ അഗ്‌നി, അനീഷ്, റഹീം എന്നിവരടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

പോക്സോ കേസില്‍ അറസ്റ്റിലായ മകന്റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസുകാര്‍ വഴി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും, ഈ വീഡിയോകള്‍ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിപ്പിക്കാതിരിക്കാന്‍ 10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘം പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്രയും വലിയ തുക തന്റെ കൈവശമില്ലെന്ന് വ്യക്തമാക്കിയ പരാതിക്കാരന്‍ പ്രതികളുമായി സംസാരിച്ച് തുക രണ്ടര ലക്ഷമായി കുറപ്പിച്ചു.

തുടര്‍ന്ന് ഇദ്ദേഹം അടൂര്‍ പോലീസിനെ സമീപിച്ച് വിവരം ധരിപ്പിച്ചു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പണം വെള്ളിയാഴ്ച നല്‍കാമെന്ന് പ്രതികളെ അറിയിക്കുകയും, തുക വാങ്ങാനായി അടൂരിലെത്തിയ പ്രതികളെ പോലീസ് സംഘം വളയുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അടൂര്‍ ഡിവൈഎസ്പി പ്രദീപ്കുമാര്‍ വി.എസ്സിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ അജയന്‍ ജെ, എസ്.ഐമാരായ അഭിലാഷ് എ.ആര്‍, ദീപു ജി.എസ്, രാധാകൃഷ്ണന്‍, അനൂപ് രാഘവന്‍, സി.പി.ഒമാരായ രാജഗോപാല്‍, നിധിന്‍, അര്‍ജുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5