breaking news New

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള അവലോകന യോഗത്തിൽ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ്ടും നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം

സർക്കാർ മുൻകൈയെടുത്ത് നടത്തിയ 'ആഗോള അയ്യപ്പ സംഗമം' പാർട്ടിക്കും സർക്കാരിനും വലിയ രീതിയിൽ തിരിച്ചടിയുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികൾക്ക് വഴിമരുന്നിട്ടത് ഈ സംഗമമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ഒരു ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമമെന്ന് കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ഇത് പാർട്ടിയുടെ അടിസ്ഥാന പരമ്പരാഗത നിലപാടുകൾക്ക് വിരുദ്ധമായിപ്പോയി. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ടിയിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ഇത് പൂർണ്ണമായും പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ വിലയിരുത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും പാർട്ടി നേതാവുമായ എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ള ആരോപണവും യോഗത്തിൽ വലിയ ചർച്ചയായി. ഇത്രയും ഗുരുതരമായ സാമ്പത്തിക ആരോപണം വന്നിട്ടും പാർട്ടി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു.

വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. പത്മകുമാറിനെതിരെ എന്തെങ്കിലും തരത്തിലുള്ള തിരുത്തൽ നടപടി പാർട്ടി എടുത്തിട്ടുണ്ടെങ്കിൽ, അത് പത്മകുമാർ എങ്കിലും അറിഞ്ഞോ എന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു. നടപടികളുണ്ടാകാത്തത് സാധാരണ പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ പറയാനുള്ളതെല്ലാം മുഖംനോക്കാതെ തുറന്നു പറയണം എന്ന നിർദേശമാണ് താഴേത്തട്ടിലേക്ക് നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനും വീണാ ജോർജിനും പിന്നാലെ ദേവസ്വം ബോർഡ് വിവാദങ്ങളിലും ആഗോള അയ്യപ്പ സംഗമത്തിലും കടുത്ത വിമർശനം ഉയർന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5