breaking news New

കാലവര്‍ഷത്തിന് മുന്നോടിയായി നഗരത്തിലെ കനാലുകളും ഓടകളും വൃത്തിയാക്കുന്നതിനിടയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ആലപ്പുഴ നഗരസഭ വരുത്തിയ ഗുരുതരമായ വീഴ്ചയെത്തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചന്‍ (45) ആണ് കനത്ത മഴയില്‍ മൂടിയില്ലാത്ത ഓടയില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെയാണ് ചാത്തനാട് ഭാഗത്തെ തുറന്നു കിടന്ന ഓടയില്‍ ഒഴുക്കില്‍പ്പെട്ട നിലയില്‍ നാട്ടുകാര്‍ ബോബച്ചന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ കനത്ത മഴ പെയ്യുമ്പോള്‍ റോഡരികിലെ ഓടയുടെ വശം കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇതേത്തുടര്‍ന്ന് കാല്‍ വഴുതി ബോബച്ചന്‍ വെള്ളം കുത്തിയൊലിച്ചൊഴുകിയ ഓടയിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഓടയ്ക്ക് മൂടി സ്ഥാപിക്കാതിരുന്നതും അപകട സൂചന നല്‍കുന്ന ബോര്‍ഡുകളോ ബാരിക്കേഡുകളോ വെക്കാതിരുന്നതുമാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം കടുക്കുമെന്നും വേനല്‍മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടും നഗരത്തിലെ തുറന്നു കിടക്കുന്ന ഓടകള്‍ക്ക് മൂടിയിടാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5