breaking news New

മലയാള സിനിമാ - സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സന്തോഷ് കെ നായര്‍ : പത്തനംതിട്ട അടൂര്‍ എംസി റോഡില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ ബാക്കിയാകുന്നത് ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ്

നായകന്‍, വില്ലന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ കണ്ണും മനസും നിറയ്‌ക്കാന്‍ സാധിച്ച അതുല്യ പ്രതിഭകളില്‍ ഒരാള്‍ കൂടിയായിരുന്നു സന്തോഷ്.

തിരുവനന്തപുരം ജില്ലയില്‍ അധ്യാപകരായ സിഎന്‍ കേശവന്‍ നായരുടെയും പി രാജലക്ഷ്മിയുടെയും മകനായാണ് സന്തോഷ് കെ നായരുടെ ജനനം. മാതാപിതാക്കള്‍ അധ്യാപകരായതിനാല്‍ തന്നെ അവര്‍ക്ക് പിന്നീട് ഡെപ്യൂട്ടേഷനില്‍ എത്യോപ്യയിലേക്ക് പോകേണ്ടതായി വന്നു. ഇതോടെ അമ്മയുടെ മാതാപിതാക്കളായ കെഎസ് ചെല്ലപ്പന്‍ പിള്ള, ബി പാറുക്കുട്ടിയമ്മ എന്നിവരാണ് സന്തോഷിനെ നോക്കി വളര്‍ത്തിയത്.

തിരുവനന്തപുരത്തെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജില്‍ നിന്ന് അദ്ദേഹം ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

പഠനത്തില്‍ മിടുക്കനായിരുന്നുവെങ്കിലും അടങ്ങാത്ത സിനിമാ മോഹമായിരുന്നു സന്തോഷിന്റെ ഉള്ളില്‍. സഹോദരിമാരെല്ലാം ഡോക്ടര്‍മാരായപ്പോള്‍ സന്തോഷ് തിരഞ്ഞെടുത്തത് അഭിനയ ജീവിതമായിരുന്നു. അങ്ങനെ 1982ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചു.

പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. നാനയം, പിന്നിലാവ്, ഇവിടെ തുടങ്ങുന്നു, ഏപ്രില്‍ 18, നിഷേധി, ഒരു സുമംഗലിയുടെ കഥ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമാകാന്‍ തുടക്കക്കാലത്ത് തന്നെ താരത്തിന് സാധിച്ചു. 2026ല്‍ പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് സന്തോഷ് അവസാനമായി അഭിനയിച്ചത്. സ്വപ്നം, ശ്രീകൃഷ്ണന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഹൈസ്‌ക്കൂള്‍ അധ്യാപികയായ സുഭശ്രീ ആണ് സന്തോഷ് കെ നായരുടെ ജീവിതപങ്കാളി. ഒരു മകളുണ്ട്, രാജശ്രീ എസ് നായര്‍. മകളുടെ വിവാഹം ഈയടുത്തിടെയാണ് കഴിഞ്ഞത്. അഷീദ് ആണ് പങ്കാളി.

ആദരാഞ്ജലികൾ ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5