breaking news New

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ കാണാതായ തൊഴിലാളി ഗിരീഷിന്റെ (ഗിരി) മാതാവ് ഗൗരി (74) അന്തരിച്ചു

തൃശൂര്‍ കോട്ടപ്പുറത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം. സ്‌ഫോടനത്തിന് ശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതില്‍ വലിയ മാനസിക വിഷമത്തിലായിരുന്നു ഇവര്‍.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരിയെ ദുരന്തം നടക്കുന്നതിന് തലേദിവസമാണ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നത്. തൊട്ടടുത്ത ദിവസം നടന്ന സ്‌ഫോടനത്തില്‍ മകന്‍ ഗിരീഷിനെ കാണാതായ വാര്‍ത്തയറിഞ്ഞതോടെ ഗൗരിയുടെ ആരോഗ്യം കൂടുതല്‍ വഷളാവുകയായിരുന്നു.

വെടിക്കെട്ട് നിര്‍മ്മാണശാലയില്‍ ജോലിയിലുണ്ടായിരുന്ന ഗിരീഷിനെ അപകടത്തിന് ശേഷം കണ്ടെത്താനായിട്ടില്ല. സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിനിടെയാണ് ഗൗരിയുടെ മരണം സംഭവിച്ചത്.

മകന്റെ തിരോധാനത്തിലുള്ള കടുത്ത ആകുലതകളും പ്രായാധിക്യവുമാണ് മരണകാരണമെന്നാണ് സൂചന. ഗിരീഷിന്റെ സഹോദരന്‍ ഹരി നേരത്തെ സി.പി.എം സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5