മലപ്പുറം വണ്ടൂരാണ് സംഭവം. നാലര ലക്ഷം രൂപയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരമാണ് മോഷണം പോയത്. അക്കരുപ്പറ സ്വദേശിനിയായ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചുമാറ്റിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഉറക്കത്തിനിടയിൽ വലതുകാലിൽ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നജ്ല കണ്ണുതുറന്നപ്പോഴാണ് ജനലിനു സമീപം മോഷ്ടാവിനെ കണ്ടത്.
ഉടൻ തന്നെ നജ്ല ബഹളം വെക്കുകയും വീട്ടുകാർ ഉണരുകയും ചെയ്തെങ്കിലും, പാദസരവുമായി പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം ഏഴോളം കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പരാതി പ്രകാരം വണ്ടൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വേനൽക്കാലമായതിനാൽ രാത്രിസമയങ്ങളിലും കനത്ത ചൂടാണ്. അതിനാൽ ഒട്ടുമിക്ക വീട്ടുകാരും ജനൽവാതിലുകൾ തുറന്നിട്ടാണ് ഉറങ്ങുന്നത്. ഈ തക്കം നോക്കി രാത്രികാലങ്ങളിൽ മോഷ്ടാക്കൾ സജീവമാകുകയാണ്.
ഗ്രാമപ്രദേശങ്ങളിൽ ഒറ്റപ്പെട്ടതും അല്ലാത്തതുമായ വീടുകൾ കേന്ദ്രീകരിച്ച് ജനൽ വഴി സ്വർണാഭരണങ്ങൾ കവരാൻ മോഷ്ടാക്കൾ രാത്രിയിൽ ഇനിയും എത്താനിടയുണ്ട്.
അതിനാൽ ജനൽ തുറന്നിട്ട് സമീപത്ത് കട്ടിലിൽ കിടന്നുറങ്ങരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ഏറ്റവും നന്നായി ഉറങ്ങുന്ന പുലർച്ച രണ്ടിന് ശേഷമുള്ള സമയങ്ങളിലാണ് മോഷണങ്ങൾ കൂടുതലായും ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു.
ചൂട് കാരണം ജനൽ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ 4 ലക്ഷം രൂപ വില വരുന്ന സ്വർണപാദസ്വരം മോഷണം പോയി !!
Advertisement
Advertisement
Advertisement