breaking news New

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഗായിക : പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങുമ്പോൾ ...

ഏത് ഭാഷയും അതിന്റെ തനതായ ശൈലിയില്‍ ഉച്ചാരണശുദ്ധിയോടെ പ്രയോഗിക്കാനുള്ള കഴിവാണ് ആശാ ഭോസ്ലയെ കാലങ്ങള്‍ക്കിപ്പുറവും ഏവരുടെയും പ്രിയപ്പെട്ട ഗായികയാക്കി നിര്‍ത്തുന്നത്. ഹിന്ദിക്ക് പുറമെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷയിലും ഗാനങ്ങള്‍ ആലപിച്ച ആശാജി മലയാളത്തിന് സമ്മാനിച്ചതും അത്തരത്തില്‍ കാലാതിവര്‍ത്തിയായ മനോഹര ഗാനമാണ്. സഹോദരി ലതാ മങ്കേഷ്‌കറിനെപ്പോലെ ഒരൊറ്റ ഗാനം മാത്രമാണ് ആശയും മലയാളത്തില്‍ ആലപിച്ചിട്ടുള്ളത്.

1977 ല്‍ പുറത്തിറങ്ങിയ 'സുജാത' എന്ന ചിത്രത്തിലെ 'സ്വയംവര ശുഭദിന മംഗളങ്ങള്‍...അനുമോദനത്തിന്റെ ആശംസകള്‍...' എന്ന ഗാനമായിരുന്നു ആശാജി മലയാളത്തിന് സംഭാവന ചെയ്തത്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികളും രവീന്ദ്ര ജെയിനിന്റെ സംഗീതവും ആശാജിയുടെ ശബ്ദവും ആസ്വാദകരെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. കെ ടി മുഹമ്മദിന്റെ കഥയ്ക്ക് ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുജാത. ഒന്നിനൊന്ന് മികച്ച ഗാനങ്ങള്‍ പിറന്ന സുജാതയിലെ ഈ ഗാനവും ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന പഴയകാല ഗാനങ്ങളില്‍ ഒന്നാണ്.

ഹിന്ദി സിനിമാ സംഗീതത്തിലെ ഇതിഹാസമായിരിക്കുമ്പോഴും പ്രാദേശിക ഭാഷകളോട് അവര്‍ പുലര്‍ത്തിയ ആദരവ് ഈ ഗാനത്തിലെ ഉച്ചാരണശുദ്ധിയില്‍ വ്യക്തമാണ്. മലയാളം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ കാണിച്ച ആ അനായാസത തന്നെയാണ് ഈ ഗാനത്തെ ഇന്നും പുതുമയോടെ നിലനിര്‍ത്തുന്നത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരു ഗായികയ്ക്ക് എങ്ങനെ മലയാളിത്തമുള്ള ശബ്ദമായി മാറാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു സുജാതയിലെ 'സ്വയംവര ശുഭദിന മംഗളങ്ങള്‍' എന്ന ഗാനം.

92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.

ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ ‘മജാബാല്‍’ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ ‘ബഡി മാ’ എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ ‘ചുനാരിയ’ ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.

ഒ പി നയ്യാറിന്റെ സംഗീതസംവിധാനത്തില്‍ 1956-ല്‍ ‘സി ഐ ഡി’ എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ ‘തീസിരി മന്‍സില്‍’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആര്‍ ഡി ബര്‍മനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ ‘രംഗീല’ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്.

തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പോപ്പും ഗസലും ഭജനകളും ക്ലാസിക്കല്‍ സംഗീതവും നാടന്‍ പാട്ടുകളും ഖവാലിയും മുതല്‍ കാബറെ, റോക്ക്, ഡിസ്‌കൊ വരെയുള്ള ഏത് ശൈലിയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു ഗായികയാണ് ആശാ ഭോസ്‌ലെ. ലോകത്തില്‍ തന്നെ ഏറ്റവും അധികം ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ഗായകരിലൊരാളാണ് ഇവര്‍.

20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശ ആലപിച്ചിട്ടുണ്ട്. ഗ്രാമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി എന്ന ചരിത്ര നേട്ടവും ആശാ ഭോസ്‌ലെയ്ക്ക് സ്വന്തമാണ്. സംഗീതത്തിന് നല്‍കിയ അതുല്യമായ സംഭാവനകളെ മാനിച്ച് രാജ്യത്തെ നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2008-ല്‍ രാജ്യം അവര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

ആദരാഞ്ജലികൾ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5