വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭ തന്റെ തീരുമാനം അറിയിച്ചത്.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്ന് യു. പ്രതിഭ പറഞ്ഞു. പ്രസ്താവന വലിയ മാനസിക വേദന ഉണ്ടാക്കിയതായും അവർ വ്യക്തമാക്കി. തൻ്റെ വ്യക്തിത്വത്തെയും ശരീരഭാഷയെയും ലക്ഷ്യമിട്ടാണ് പരാമർശം നടത്തിയതെന്നും അവർ ആരോപിച്ചു.
ഇത്തരം സമീപനം തെരഞ്ഞെടുപ്പ് കാലത്തുപോലും തുടരുന്നതു ഗൗരവകരമാണെന്നും, ഇത് വ്യക്തിപരമായ ആക്രമണമെന്നതിലുപരി സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും യു. പ്രതിഭ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് ഒരു സ്ഥാനാർത്ഥിയുടെ പ്രവർത്തനങ്ങളാണല്ലാതെ വ്യക്തിപരമായ കാര്യങ്ങളല്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പൊലീസിനും ജില്ലാ കലക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് യു. പ്രതിഭ അറിയിച്ചു. ഖേദപ്രകടനം മാത്രം മതിയാകില്ലെന്നും, വിഷയത്തിൽ നിയമപരമായ നടപടികൾ തുടരുമെന്നും അവർ വ്യക്തമാക്കി.
എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്‌ക്കെതിരെ കടുത്ത അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവും കായംകുളം യുഡിഎഫ് കൺവീനറുമായ എ ഇർഷാദ് ചക്കാലശേരി ആണ് രംഗത്ത് എത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി “ശരീര അഴക് കൊണ്ടും നാവുചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു എന്നാണ് എ ഇർഷാദ് പറഞ്ഞത്.
കായംകുളത്ത് വച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ അധിക്ഷേപിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘ഒരു ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വിൽപനയ്‌ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം.
യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.