കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 20കാരിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശികളായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ദളിത് യുവതിയാണ് പീഡനത്തിനിരയായത്. നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കഴിഞ്ഞ ഏപ്രിലിലാണ് പ്രതികൾ ആദ്യമായി ആക്രമിച്ചതെന്നാണ് പരാതി. ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി സമീപിക്കുകയായിരുന്നു.
തുടർന്ന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ നിരന്തരം ചൂഷണം ചെയ്യുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട സ്വകാര്യ ബസിനുള്ളിൽ ഷട്ടറുകൾ താഴ്ത്തിയ ശേഷവും പലതവണ പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേർക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റു ചിലരും പീഡനത്തിൽ പങ്കാളികളായിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ ശാരീരിക, മാനസിക പീഡനങ്ങൾ സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂർ പോലീസിലും പരാതി നൽകി. താമരശേരി ഡിവൈഎസ്പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സംഭവത്തിന്റെ മറ്റു സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് ഡിവൈഎസ്പി അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണി ; 20കാരിയെ പലതവണ കൂട്ടബലാത്സംഗം ചെയ്തു ! സ്വകാര്യ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
Advertisement
Advertisement
Advertisement