breaking news New

ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു

കേസിൽ കക്ഷികൾക്ക് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് തന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ദേവപ്രശ്നത്തിലൂടെ തെളിഞ്ഞ ആചാരപരമായ വിലക്ക് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി അംഗീകരിക്കണമെന്നും അദ്ദേഹം കോടതിയിൽ സമർപ്പിച്ച കുറിപ്പിൽ വാദിച്ചു.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും മറ്റ് അനുബന്ധ വിഷയങ്ങളിലും ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്. കേസിലെ പ്രധാന കക്ഷികളിലൊരാളായ തന്ത്രിയുടെ ഈ നിലപാട് വരും ദിവസങ്ങളിലെ കോടതി നടപടികളിൽ നിർണ്ണായകമാകും.

ശബരിമല കേസുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരവും എൻഎസ്എസും തങ്ങളുടെ വാദങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മതപരമായ ആചാരങ്ങളിൽ അവസാന വാക്ക് പറയേണ്ടത് കോടതികളല്ലെന്നും ദീർഘകാലമായി തുടരുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം വാദിച്ചു. ഇതേ നിലപാട് തന്നെയാണ് എൻഎസ്എസും കോടതിയിൽ ആവർത്തിച്ചത്. എന്നാൽ, സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും മതസ്വാതന്ത്ര്യത്തേക്കാൾ ഉപരിയാണെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് വാദിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യുവതീ പ്രവേശന കാര്യത്തിൽ കൃത്യമായ ഒരു നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5