breaking news New

ആലപ്പുഴ നഗരത്തില്‍ ഔസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന നേര്‍ച്ചസദ്യയ്ക്കിടെ സംഘർഷം : സദ്യയ്ക്ക് പായസം നൽകിയില്ല : വിളമ്പിയ ആളെ കല്ലിനിടിച്ചു, വീട്ടില്‍ക്കയറി ഭീഷണി !!

ഔസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന നേര്‍ച്ചസദ്യയ്ക്കിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സദ്യ കഴിക്കാനെത്തിയ 32-കാരന്‍ പായസം നല്‍കാത്തതിനെച്ചൊല്ലി വിളമ്പുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ യുവാവ് വിളമ്പിക്കൊണ്ടിരുന്ന ആളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സദ്യാലയത്തിലുണ്ടായിരുന്നവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

എന്നാല്‍, സദ്യാലയത്തിലെ അക്രമം കൊണ്ട് യുവാവ് പിന്മാറിയില്ല. മര്‍ദനമേറ്റയാളുടെ വീട്ടിലെത്തിയ പ്രതി അവിടെയും അക്രമം അഴിച്ചുവിട്ടു. മര്‍ദനമേറ്റയാളുടെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങള്‍ തള്ളിമറിച്ചിടുകയും ചെയ്തതായി പോലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്നവര്‍ ഭയന്നോടിയതോടെയാണ് അക്രമി അവിടെനിന്ന് മടങ്ങിയത്.

പരിക്കേറ്റയാളുടെയും കുടുംബത്തിന്റെയും പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ് ഉടന്‍ തന്നെ നടപടിയെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പായസം വൈകിയെന്ന നിസാര കാര്യത്തിന് ഇത്രയും ക്രൂരമായ അക്രമം നടത്തിയത് നാട്ടുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. തിരുനാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത് വിശ്വാസികള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5