പാപ്പനും സംഘവും ഇതിനകം തന്നെ ആരാധകരുടെ മനസ്സ് കീഴടക്കി. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൂന്നാം ഭാഗം ഒരു കോമഡി ഫാന്റസി എന്റർടെയ്‌നറായാണ് അവതരിപ്പിച്ചിരിക്കുന്നത്.
‘ടൈം ട്രാവലർ’ പ്രമേയവുമായി മുന്നോട്ട് പോകുന്ന ഈ ചിത്രത്തിൽ ഷാജി പാപ്പൻ, അറയ്ക്കൽ അബു, ഡ്യൂഡ്, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, സാത്താൻ സേവ്യർ, പി.പി. ശശി തുടങ്ങിയ കഥാപാത്രങ്ങളുടെ പഴയകാല ജീവിതവും കാണിച്ചിരിക്കുന്നു. അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ ചിത്രം മൂന്ന് കോടിയിലധികം രൂപ സമാഹരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലും നിരൂപകരുടെയും പ്രതികരണങ്ങളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ജയസൂര്യയൊപ്പം വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നെൽസൺ, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകൾക്ക് കീഴിൽ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ 47 മിനിറ്റാണ്.