breaking news New

സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുള്ളിലേക്ക് മദ്യലഹരിയിൽ കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കളെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന സംഘമാണ് അപകടകരമായ രീതിയിൽ കാർ ഓടിച്ച് സുരക്ഷാ കവാടം ലംഘിച്ചത്. സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റ് വഴിയാണ് കാർ അകത്തേക്ക് പ്രവേശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയ ഇവരെ പിന്നീട് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചപ്പോൾ വഴി തെറ്റിയതാണെന്നും സെക്രട്ടേറിയറ്റ് ഗേറ്റ് ആണെന്ന് ശ്രദ്ധിച്ചില്ലെന്നുമാണ് യുവാക്കൾ പോലീസിന് നൽകിയ മൊഴി. എന്നാൽ പിടിയിലാകുമ്പോൾ മൂവരും കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

യുവാക്കൾക്കെതിരെ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് കന്റോൺമെന്റ് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

കനത്ത സുരക്ഷയുള്ള സെക്രട്ടേറിയറ്റ് ഗേറ്റിലൂടെ വാഹനം അകത്തുകയറിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5