breaking news New

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർ ജയിൽമോചിതരായി


കണ്ണൂർ : നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം വൈകുന്നേരം നാല് മണിയോടെ പ്രവർത്തകർ ജയിലിൽ നിന്ന് പുറത്തിറങ്ങി എന്നാണ് ലഭിക്കുന്ന വിവരം.

വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ലെന്നാണ് വിവരം. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുകാർ മൊഴി നൽകിയതും കേസിലെ നിർണായക ഘടകമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് അതുൽ എം.സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി. അച്ച്, അഹമ്മദ് യാസീൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യകാലത്ത് മറ്റൊരു കുറ്റകൃത്യത്തിലും ഏർപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് അഞ്ചുപേരെയും അമ്പതിനായിരം രൂപ വീതം ബോണ്ടിലും രണ്ട് ആൾജാമ്യത്തിലും വിട്ടയച്ചത്.

ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച അതുൽ എം.സി, കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധത്തെ കൊലശ്രമമായി ചിത്രീകരിച്ചാണ് തങ്ങളെ ജയിലിലടച്ചതെന്ന് ആരോപിച്ചു. ഇത് ഭരണകൂട വേട്ടയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ പ്രതിഷേധങ്ങളെ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്ന് വിമർശിച്ച് സംസാരിക്കുന്നവർ കേരളത്തിൽ അതേ രീതിയിലാണു പെരുമാറുന്നതെന്നും അതുൽ ആരോപിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5