breaking news New

തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി !!

തിരുവനന്തപുരം :
പള്ളിപ്പുറം സ്വദേശിയായ അഭയകൃഷ്ണനാണ് മർദനമേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെ കോലിക്കോട് ബിവറേജിന് സമീപമാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കോളേജിലേക്ക് പോകുന്നതിനിടെ ഹെൽമറ്റ് ധരിക്കാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥർ അഭയകൃഷ്ണനെ കൈകാണിച്ചു. എന്നാൽ സിഗ്നൽ നൽകിയ ഉടൻ നിർത്താതെ അല്പം മുന്നോട്ട് മാറ്റി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്.

പ്രകോപിതനായ ഉദ്യോഗസ്ഥൻ വാഹനത്തിനടുത്തേക്ക് ഓടിയെത്തി വിദ്യാർത്ഥിയുടെ ചെവിക്കല്ലിലും മുഖത്തും അടിക്കുകയായിരുന്നു.
മർദനത്തിന് പുറമെ 6500 രൂപ പിഴയൊടുക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായും വിദ്യാർത്ഥി ആരോപിക്കുന്നു.

മർദനമേറ്റ അഭയകൃഷ്ണൻ കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി നൽകാനാണ് വിദ്യാർത്ഥിയുടെയും കുടുംബത്തിന്റെയും തീരുമാനം. സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചതോടെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്നതിന് പകരം ഉദ്യോഗസ്ഥൻ നിയമം കൈയ്യിലെടുത്ത് മർദിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5