മല്ലപ്പള്ളി : ചെങ്ങരൂർ ജംഗ്ഷൻ മുതൽ കുഴിക്കാട്ടുപടിവരെയുള്ള റോഡിൻ്റെ വശങ്ങളിലെ കെഎസ്ഇബിയുടെ അടക്കമുള്ള ഒരു ലൈറ്റു പോലും കത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉന്നയിച്ചിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല.
കുഴിക്കാട്ട് പടി മുതൽ കടമാൻകുളം ജംഗ്ഷൻ വരെ ചിലയിടങ്ങളിൽ ലൈറ്റുകൾ കത്തുന്നുമുണ്ട്.
പുലർച്ചെ നാലു മണി മുതൽ പത്രം, പാൽ വിതരണക്കാരും, പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും ഉൾപ്പെടെ നൂറ് കണക്കിന് യാത്രക്കാരാണ് ഈ വഴിയിലൂടെ കടന്നു പോകുന്നത്. തെരുവുനായ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് വഴിവിളക്കുകളും കണ്ണടച്ചതോടുകൂടി ഇപ്പോൾ ജനങ്ങൾ ഭയത്തോട് കൂടിയാണ് സന്ധ്യ സമയത്തും, പുലർച്ചെയും വഴിയിലേക്കിറങ്ങുന്നത്. ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമാണന്ന് ചൂണ്ടിക്കാട്ടി സി-മീഡിയാ ഓൺലൈൻ ഇതിനു മുമ്പും വാർത്തകൾ ചെയ്തിരുന്നു.
വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല എന്ന വിവരം ലഭിച്ച സി - മീഡിയ റിപ്പോർട്ടർ KSEB ഉദ്ധ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ KSEB യുടെ നിയന്ത്രണത്തിലുള്ളതല്ല ഈ റോഡിലെ ലൈറ്റുകൾ എന്നും കല്ലൂപ്പാറ പഞ്ചായത്തിനാണ് ഇതിൻറെ ചുമതല എന്നുമാണ് അറിയാൻ സാധിച്ചത്.
രണ്ടു വർഷം മുമ്പ് പുനർ നിർമ്മാണം നടത്തി ഉന്നത നിലവാരത്തിലാക്കിയ റോഡ് KSTP യുടെ കീഴിൽ വരുന്നതാണെന്നും റോഡിൻ്റെയും, സ്ട്രീറ്റ് ലൈറ്റിൻ്റെയും മെയിൻ്റനസ് KSTP യാണ് ചെയ്യേണ്ടതെന്നും കല്ലൂപ്പാറ പഞ്ചായത്ത് അധികൃതർ പറഞ്ഞു. MLA ഉൾപ്പെടെയുള്ള അധികാരികൾ പങ്കെടുത്ത താലൂക്ക് സഭയിൽ റോഡിൻ്റെ ഇപ്പോഴുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ പരാതി നൽകിയെന്നും അതിൻമേൽ ഇതുവരെ നടപടികൾ സ്വീകരിച്ചില്ലെന്നും പഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു.
എത്രയും വേഗം ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ ന്യൂസ് ഡെസ്ക്.