breaking news New

ഇന്‍ഡിക്കേറ്ററിട്ട് തിരിയാന്‍ കാത്തു നില്‍ക്കവെ സ്‌കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

തിരുവനന്തപുരം :
കോലിയക്കോട് നടന്ന അപകടത്തില്‍ കോലിയക്കോട് കീഴാമലയ്ക്കല്‍ ശാന്തിദീപം വീട്ടില്‍ ഗംഗ (42) ആണ് മരിച്ചത്. ഗംഗയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കോലിയക്കോട് ഭാഗത്തു നിന്നും വലതുവശത്തുള്ള മണ്‍വിളമുകള്‍ റോഡിലേക്ക് തിരിയുന്നതിനായി ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡില്‍ നിര്‍ത്തി. പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിന് പിന്നില്‍ ശക്തമായി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തെറിച്ചുപോവുകയും എതിര്‍ദിശയില്‍ നിന്നും വന്ന കാറില്‍ ഇടിക്കുകയും ആയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റ മകന്‍ അമര്‍നാഥ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃത്യമായ സിഗ്‌നല്‍ നല്‍കി തിരിയാന്‍ കാത്തുനിന്ന സ്‌കൂട്ടറിനെ പിന്നാലെ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കണിയാപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്.

കോലിയക്കോടിനും വേളാവൂരിനും ഇടയിലായിരുന്നു അപകടം നടന്നത്. പോത്തന്‍കോട് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ദിശയിലേക്ക് പോവുകയായിരുന്നു ഗംഗയും മകനും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5