ദിനംപ്രതി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ ഇളകി വീഴുകയാണ്. ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെ. 14 ബ്ലോക്കുകളിലായി 112 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ് അന്തേവാസികളായിട്ടുള്ളത്. 15 വര്‍ഷം പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും നിലംപതിക്കാം.
ചുമരുകളെല്ലാം ജീര്‍ണിച്ച് വിണ്ടുകീറി. കെട്ടിടത്തില്‍ ശുചിത്വമുള്ള ശൗചാലയങ്ങള്‍ പോലുമില്ല. എല്ലാം പൊട്ടിപ്പൊളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മണ്ണും സിമന്റുപാളികളും ഇളകിവീഴുകയാണ്. സിമന്റ് പാളികള്‍ കുട്ടികളുടെ ദേഹത്ത് വീണ സംഭവങ്ങളും ഉണ്ടായി. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 2011ല്‍ അന്നത്തെ മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ശക്തികുളങ്ങര ഓംചേരിമഠം സമുച്ചയം ഉദ്ഘാടനം ചെയ്തത്. കോര്‍പ്പറേഷന്റെ 55-ാം ഡിവിഷനാണിത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കിലും അറ്റക്കുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രവര്‍ത്തന രഹിതമാണ്. മോട്ടോര്‍ പമ്പു വെച്ചിട്ടില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. ഇതുമൂലം പ്രായമായ സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടിലാണ്. താഴെ നിന്ന് മുകളിലേക്ക് വെള്ളം കോരിക്കൊണ്ട് പോകേണ്ട അവസ്ഥയാണ്. മുഴുവന്‍ വീടുകളുടേയും അവസ്ഥ പരിതാപകരമാണ്. പല ഭാഗങ്ങളിലും ചോര്‍ച്ച അതിരൂക്ഷമാണ്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും.
മാലിന്യം കളയാനുള്ള സൗകര്യവുമില്ല. ഉടമസ്ഥാവകാശം പോലും ലഭിക്കാത്തവരാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പല ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. ബള്‍ബുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തനരഹിതമല്ല. സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
സുനാമി പാര്‍പ്പിട സമുച്ചയ കെട്ടിടം ജീര്‍ണിച്ചതോടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് നിര്‍മാണത്തിലുള്ള വീഴ്ചയാണെന്ന് ആരോപണം. ഇളകി വീഴുന്നതില്‍ പകുതിയും മണ്ണാണെന്നും സിമന്റിനെക്കാള്‍ കൂടുതല്‍ മണ്ണാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്.
മഴക്കാലമായതോടെ കോണ്‍ക്രീറ്റ് പാളികള്‍ക്കൊപ്പം റൂമിനുള്ളില്‍ വെള്ളവും കുത്തിയൊലിക്കുന്ന അവസ്ഥയാണ്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫര്‍ണീച്ചറുകളും മറ്റ് സാധനങ്ങളും സുരക്ഷിതമാക്കി വയ്‌ക്കാനുള്ള സംവിധാനങ്ങളൊന്നും ഫഌറ്റിലില്ല. ചോര്‍ന്നൊലിക്കുന്നതിനാല്‍ ചെറിയ പാത്രങ്ങള്‍ ചോരുന്ന ഭാഗത്ത് വച്ച് അടുക്കളയില്‍ പാചകം ചെയ്യേണ്ട സ്ഥിതിയാണെന്ന് താമസക്കാരായ സ്ത്രീകള്‍ പറയുന്നു.
സുനാമി പാര്‍പ്പിട സമുച്ചയത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും നായശല്യവും രൂക്ഷമാണ്. ആള്‍ത്താമസമുണ്ടെങ്കിലും അനാഥപ്പെട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ തെരുവുനായകളുടെ വാസസ്ഥലമാണിവിടെ. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്ലാറ്റിലെ അന്തേവാസിയായ കുട്ടിക്ക് നായയുടെ കടി ഏറ്റിരുന്നു. പരിസരം കാടുകയറി കിടക്കുന്നതിനാല്‍ നായകളുടെ വിഹാരകേന്ദ്രമാണ് നിലവില്‍ പ്രദേശം.