breaking news New

കോട്ടയം പുതുപ്പള്ളിയില്‍ ഇന്ന് ഒന്നൊന്നര സമരം പ്ലാന്‍ ചെയ്താണ് ബിജെപി എത്തിയത് : മണ്ഡലത്തില്‍ വികസന മുരടിപ്പ് ആരോപിച്ച് ബിജെപി നടത്തിയ എംഎല്‍എ ഓഫിസ് മാര്‍ച്ചില്‍ സംഭവിച്ചത് അപ്രതീക്ഷിത രംഗങ്ങളും ക്ലൈമാക്‌സും

കോട്ടയം :
രാവിലെ 10 മണിയോടെയാണ് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി മാര്‍ച്ച് തുടങ്ങിയത്. ഓഫിസിന് 100 മീറ്റര്‍ മുന്‍പ് പോലീസ് ബാരിക്കേഡ് നിരത്തി മാര്‍ച്ച് തടഞ്ഞു. മണ്ഡലത്തില്‍ വികസനമില്ലെന്നും എംഎല്‍എ എപ്പോഴും വിദേശത്താണെന്നും പ്രസംഗത്തില്‍ ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു. ഇതിനിടെയാണ് ഓഫീസിനുള്ളില്‍ നിന്നിറങ്ങി ചാണ്ടി ഉമ്മന്‍ സമരക്കാര്‍ക്കിടയിലേക്ക് വന്നത്.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അടുത്തേക്ക് ചെന്ന് എംഎല്‍എ കൈ നല്‍കിയതോടെ ആദ്യം പലരും അമ്പരന്നു. എന്‍. ഹരിയുള്‍പ്പെടെയുള്ള നേതാക്കളോട് ചിരിച്ചു കൊണ്ട് സംസാരിച്ച എംഎല്‍എയെ പല പ്രവര്‍ത്തകരും ചിരിയോടെയാണ് സ്വീകരിച്ചത്. എന്നാല്‍, കുറച്ചു കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു.

'ഈ നാണംകെട്ട പണിക്ക് നില്‍ക്കുന്നത് എന്തിന്' എന്ന് ഒരു പ്രവര്‍ത്തകന്‍ ചോദിച്ചതോടെ എംഎല്‍എയുടെ നീക്കത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ 'ഗോ ബാക്ക്' വിളികളുമായി രംഗത്തെത്തി. സൗഹൃദ സംഭാഷണം കഴിഞ്ഞതോടെ ബിജെപി നേതൃത്വം നിലപാട് കടുപ്പിച്ചു. മന്ത്രി വീണ ജോര്‍ജ് ചെയ്തതുപോലെ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ് ചാണ്ടി ഉമ്മന്‍ വന്നതെന്ന് എന്‍. ഹരി ആരോപിച്ചു. എംഎല്‍എയുടെ നാടകത്തിന് പോലീസ് കൂട്ടുനിന്നെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള 'അവിശുദ്ധ കൂട്ടുകെട്ട്' പുറത്തുവന്നുവെന്ന് സി പി എം ആരോപിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതികരണം.

മാര്‍ച്ചില്‍ കുലുങ്ങാതെ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സമരത്തിന്റെ മൂര്‍ച്ച കുറയ്ക്കുക എന്ന ഉമ്മന്‍ ചാണ്ടി മോഡല്‍ രാഷ്ട്രീയ തന്ത്രമാണ് മകന്‍ ചാണ്ടി ഉമ്മനും പയറ്റിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചാണ്ടി ഉമ്മന്റെ സമീപനം കയ്യടി നേടുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5