breaking news New

ബുദ്ധിയുടെ വികാസത്തിനും ആത്മീയമായ ഉണർവിനും സാംസ്കാരികമായ മികവിനും വേണ്ട ഔഷധമാണ് വായനയെന്ന് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ

മല്ലപ്പള്ളി : പത്താമത് ജില്ലാ പുസ്തകമേള - എജ്യുഫെസ്റ്റ് പത്തനംതിട്ട മല്ലപ്പള്ളി - തിരുവല്ല റോഡിലെ വലിയപ്ലാവുങ്കൽ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃത്രിമ മധുരം അപകടകരവും വർജ്ജിക്കേണ്ടതുമാണ്. അതേപോലെ ധാർമ്മികമായി തളർത്തുന്നവയെ ഒഴിവാക്കി ശരിയായ വായന തിരഞ്ഞെടുക്കാൻ ഏറെ ശ്രദ്ധിക്കേണ്ട കാലമാണിത്. ഇന്റർനെറ്റും നവമാധ്യമങ്ങളും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഇന്നത്തെ സാഹചര്യത്തിൽ ഇവയിലെ നെല്ലും പതിരും വേർതിരിക്കാൻ കുട്ടികളടക്കം ശ്രദ്ധിക്കേണ്ടതുണ്ട്.

ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി.

സമിതി വൈസ് ചെയർമാൻ പ്രൊഫ.ജേക്കബ് എം. എബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി.സാബു, പി.ടി.എബ്രഹാം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് ബാബു, മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ പ്രകാശ് വടക്കേമുറി, തോമസ് മാത്യു, ശ്രീ ചിത്തിര സമിതി കൺവീനർമാരായ അഡ്വ.ജിനോയ് ജോർജ്, കുഞ്ഞു കോശി പോൾ, എബി മേക്കരിങ്ങാട്ട്, മധു ചെമ്പുകുഴി, സെക്രട്ടറി വി. ജ്യോതിഷ് ബാബു, കോ-ഓർഡിനേറ്റർ കെ.സതീഷ് ചന്ദ്രൻ, വി. സുദേവ് കുമാർ എന്നിവർ പ്രസംഗിച്ചു.

പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭിക്കും. പുസ്തകങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. വിദ്യാലയങ്ങൾക്കും വായനശാലകൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും. വാങ്ങുന്നവരുടെ കൂപ്പണുകൾ നറുക്കെടുത്ത് ആയിരത്തിലധികം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകും. പുസ്തകമേള ശനിയാഴ്ച സമാപിക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5