breaking news New

വിവാദ ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രധാന നീക്കവുമായി ഹൈക്കോടതി

ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ഹൈക്കോടതി നാളെ സിനിമ കാണും. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ആശങ്ക അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഈ നടപടി.

‘കേരള സ്റ്റോറി 2’ വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ തീരുമാനം എടുത്തത്. കേരളത്തെ കരിനിഴലിൽ നിർത്തുന്നതും പ്രകോപനപരമായ ഉള്ളടക്കമുള്ളതുമാണ് ചിത്രമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനോടും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും വിശദീകരണം തേടിയിട്ടുണ്ട്. സെൻസർ ബോർഡ് ഇന്ന് കോടതിയിൽ തങ്ങളുടെ നിലപാട് അറിയിച്ചേക്കും. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പുറത്തിറങ്ങുകയും വലിയ ചർച്ചകൾക്ക് വഴിമാറുകയും ചെയ്തിരുന്നു. ഈ മാസം 27-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. സിനിമ കണ്ട ശേഷം മാത്രമാകും ഹർജിയിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.

അതേസമയം,
‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെട്ട് 37 സ്ത്രീകളെ പങ്കെടുപ്പിച്ച് ‘കേരള സ്റ്റോറി 2’വിന്റെ പ്രൊമോഷൻ പരിപാടി നടത്തി.

കേരളത്തിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ അവകാശവാദം.

എന്നാൽ, പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത ‘ഇരകളിൽ’ മലയാളികൾ ഉണ്ടായിരുന്നില്ല. വേദിയിൽ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യക്കാരെയാണ്. പിന്നെന്തിനാണ് സിനിമയ്ക്ക് ‘കേരള സ്റ്റോറി’ എന്ന പേരിട്ടതെന്ന് മാധ്യമപ്രവർത്തകരിൽ നിന്ന് ചോദ്യം ഉയർന്നതോടെ അണിയറപ്രവർത്തകർ കുഴങ്ങി.

‘കേരള സ്‌റ്റോറി 2’ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ, നടിമാരായ അതിദി ഭാട്ടിയ, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ തുടങ്ങിയവരാണ് പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇവർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മറുപടി നൽകാൻ തയ്യാറായി.

സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നതിനാലാണ് ‘കേരള സ്റ്റോറി’ എന്ന പേരിട്ടത് എന്നായിരുന്നു ഇവരുടെ ന്യായീകരണം. ‘ലവ് ജിഹാദ്’ കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിക്കുകയായിരുന്നു എന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് പറഞ്ഞത്. കേരളത്തിൽ നിന്നുള്ള ‘ഇരകളുടെ’ വീഡിയോ യൂട്യൂബിലുണ്ടെന്നായിരുന്നു നിർമാതാവിന്റെ മറുപടി.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5